ലോകകപ്പ് ട്രോഫി ഞാൻ തിരിച്ചുതരില്ല; ഫിഫ പ്രസിഡന്റിനോട് ഡോണൾഡ് ട്രംപ്
text_fieldsഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ഫുട്ബോൾ ലോകകപ്പ് തിരിച്ച് തരില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോട് പറഞ്ഞ് ഡോണൾഡ് ട്രംപ്. യു.എസ് പ്രസിഡന്റിന്റെ ഓവൽ ഓഫീസിലാണ് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. ഫിഫ പ്രസിഡന്റ് ഫുട്ബാൾ ലോകകപ്പിന്റെ ട്രോഫി കാണിച്ചപ്പോൾ അത് തിരികെ തരില്ലെന്ന് ട്രംപ് പറയുകയായിരുന്നു.
ഇതിന്റെ വിഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. വാഷിങ്ടണിലെ ജോൺ എഫ്.കെന്നഡി സെന്റർ ഫോർ പെർഫോമിങ് ആർട്ട്സിൽ വെച്ച് ലോകകപ്പിന്റെ മത്സരക്രമം തീരുമാനിക്കാനുള്ള നറുക്കെടുപ്പ് നടത്തുമെന്ന് ട്രംപ് പറഞ്ഞു. ഡിസംബർ അഞ്ചിനായിരിക്കും നറുക്കെടുപ്പ് നടക്കുക.
ഫുട്ബാൾ ലോകകപ്പ് പോലൊരു മത്സരം യു.എസിലേക്ക് കൊണ്ടു വരാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ട്രംപ് പറഞ്ഞു. ഞങ്ങൾ ലോകത്തെ ഒന്നിപ്പിക്കുകയാണെന്ന് ഫിഫ പ്രസിഡന്റും പറഞ്ഞു. അമേരിക്കയിൽവെച്ച് ട്രംപും അത് തന്നെയാണ് ചെയ്യുന്നത്. അതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. 2026ലെ ലോകകപ്പിനുള്ള നറുക്കെടുപ്പ് ഒരു ബില്യൺ ആളുകൾ കാണുമെന്നാണ് പ്രതീക്ഷയെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു.
നേരത്തെ 2026 ലോകകപ്പിന്റെ പ്രധാന ഓഫീസായി കെന്നഡി സെന്റർ പ്രവർത്തിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനായി 257 മില്യൺ ഡോളർ മുടക്കി കെന്നഡി സെന്റർ നവീകരിക്കും. അടുത്ത വർഷത്തെ യു.എസ് ആനിവേഴ്സറി ആഘോഷങ്ങളുടേയും കേന്ദ്രം കെന്നഡി സെന്റർ ആയിരിക്കുമെന്നും ട്രംപ് അറിയിച്ചു.
2026 ലോകകപ്പിൽ യു.എസ്, കാനഡ, മെക്സികോ എന്നീ രാജ്യങ്ങളാണ് സംയുക്ത ആധിഥേയത്വം വഹിക്കുന്നത്. 48 ടീമുകളാണ് ഈ ലോകകപ്പിൽ മാറ്റുരക്കുക. 104 മത്സരങ്ങളാണ് ലോകകപ്പിൽ ഉണ്ടാവുക. ഇതിൽ 13 മത്സരങ്ങൾ കാനഡയിൽ നടക്കുക. ഇതിൽ 10 എണ്ണവും ഗ്രൂപ്പുഘട്ട മത്സരങ്ങളാണ്. ടോറന്റോയിലും വാൻകോവറിലുമാണ് മത്സരങ്ങൾ നടക്കുക. മെക്സികോയിൽ 13 മത്സരങ്ങൾ നടക്കുക. ഇതിൽ 10 എണ്ണവും ഗ്രൂപ്പഘട്ട മത്സരങ്ങളാണ്. മെക്സികോ സിറ്റിയിലാവും മത്സരങ്ങൾ നടക്കുക. ടൂർണമെന്റിലെ മറ്റ് മത്സരങ്ങൾ യു.എസിലെ 10 നഗരങ്ങളിലായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

