രാഹുലിന് സെഞ്ച്വറി, ജുറേലിന് ഫിഫ്റ്റി; ഇന്ത്യ-എ 348ന് പുറത്ത്, ലയൺസ് തിരിച്ചടിക്കുന്നു
text_fieldsകെ.എൽ രാഹുൽ
നോർത്താംപ്ടൺ: ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ-എയുടെ ഒന്നാം ഇന്നിങ്സ് 348 റൺസിൽ അവസാനിച്ചു. സെഞ്ച്വറി നേടിയ കെ.എൽ രാഹുലാണ് (116) ഇന്ത്യയുടെ ടോപ് സ്കോറർ. അർധ സെഞ്ച്വറി നേടിയ ധ്രുവ് ജുറേലും (52) മലയാളി താരം കരുൺ നായരും (40) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
83 ഓവറിൽ ഏഴിന് 319 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 6.3 ഓവറിൽ 29 റൺസ് കൂടി ചേർക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകൾ നഷ്ടമായി. തനുഷ് കൊട്ടിയാൻ (15), അൻഷുൽ കാംബോജ് (2), തുഷാൻ ദേശ്പാണ്ഡെ (11) എന്നിവരുടെ വിക്കറ്റാണ് ഇന്ന് നഷ്ടമായത്. ഏഴ് റൺസ് നേടിയ ഖലീൽ അഹ്മദ് പുറത്താകാതെ നിന്നു. ലയൺസിനായി ക്രിസ് വോക്സ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ ജോഷ് ടങ്, ജോർജ് ഹിൽ എന്നിവർ രണ്ട് വീതം ബാറ്റർമാരെ കൂടാരം കയറ്റി.
നേരത്തെ ടോസ് നേടിയ ലയൺസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപണർ യശസ്വി ജയ്സ്വാൾ (17), ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ (11) എന്നിവരുടെ വിക്കറ്റ് 40 റൺസ് ചേർക്കുന്നതിനിടെ ഇന്ത്യക്ക് നഷ്ടമായി. ഇടക്ക് മഴ രസംകൊല്ലിയായെങ്കിലും രാഹുലും കരുൺ നായരും ചേർന്ന് ഇന്നിങ്സ് പടുത്തുയർത്തി. സ്കോർ 126ൽ നിൽക്കേ കരുണിനെ വോക്സ് വിക്കറ്റിനു മുന്നിൽ കുരുക്കി. പിന്നാലെയെത്തിയ ധ്രുവ് ജുറേൽ (52) രാഹുലുമൊന്നിച്ച് സെഞ്ച്വറി പാർട്നർഷിപ് ഒരുക്കി. ജുറേലും രാഹുലും രണ്ടോവറിന്‍റെ ഇടവേളയിൽ വീണു. നിതീഷ് കുമാർ റെഡ്ഡി 34ഉം ശാർദുൽ ഠാക്കൂർ 19ഉം റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ 32 ഓവറിൽ രണ്ടിന് 141 എന്ന നിലയിലാണ് ലയൺസ്. ഓപണർമാരായ ടോം ഹെയ്ൻസ് (54), ബെൻ മക്കിന്നി (12) എന്നിവരുടെ വിക്കറ്റാണ് വീണത്. ഹെയ്ൻസിനെ ദേശ്പാണ്ഡെയും മക്കിന്നിയെ കാംബോജും വിക്കറ്റ് കീപ്പർ ജുറേലിന്‍റെ കൈകളിൽ എത്തിക്കുകയായിരുന്നു. എമിലിയോ ഗേ (40), ജോർദൻ കോക്സ് (10) എന്നിവരാണ് ക്രീസിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.