''നിരാശയുണ്ട് എന്നാലും അവിസ്മരണീയമാണ്''; മാച്ച് ബോളിന്‍റെ ചിത്രം പങ്കുവെച്ച് ജസ്പ്രീത് ബുംറ
text_fieldsമുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐ.പി.എൽ മത്സരത്തിന് പിന്നാലെ മാച്ച്ബോളിന്റെ ചിത്രം പങ്കുവെച്ച് ജസ്പ്രീത് ബുംറ. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി നടന്ന മത്സരത്തിൽ നിരാശയുണ്ടെന്നും എന്നാൽ അവിസ്മരണീയമായിരുന്നെന്നും മാച്ച്ബോളിന്റെ ചിത്രം പങ്കുവെച്ച് ജസ്പ്രീത് ബുംറ ട്വിറ്ററിൽ കുറിച്ചു.
"ഇന്നലെ രാത്രി നടന്ന മത്സരഫലത്തിൽ നിരാശയുണ്ട്, എന്നാലും അവിസ്മരണീയമായ സായാഹ്നമായിരുന്നു അത്." -ബുംറ ട്വീറ്റ് ചെയ്തു.
2022ലെ ഐ.പി.എൽ സീസണിൽ മംബൈ ഇന്ത്യൻസിന്‍റെ മോശം പ്രകടനത്തിന് കാരണങ്ങലിലൊന്ന് ജസ്പ്രീത് ബുംറയുടെ മോശം ഫോമായിരുന്നു. പത്ത് മത്സരങ്ങളിൽ നിന്ന് ആകെ അഞ്ച് വിക്കറ്റുകൾ മാത്രമാണ് ബുംറ മുംബൈ ഇന്ത്യൻസിനു വേണ്ടി നേടിയത്. ലോകകപ്പ് വർഷത്തിലെ മികച്ച ടി20 ലീഗ് മത്സരങ്ങളിൽ ബുംറയുടെ വിക്കറ്റുകളുടെ അഭാവം ഇന്ത്യൻ ടീം മാനേജ്‌മെന്റിനെപ്പോലും ആശങ്കപ്പെടുത്തുന്നതായിരുന്നു. വലിയ വിമർശനങ്ങളാണ് ബുംറ നേരിട്ടത്.
എന്നാൽ തിങ്കളാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ ആശങ്കകൾക്ക് വിരാമമിടുകയായിരുന്നു താരം. അഞ്ച് വിക്കറ്റുകൾ നേടി ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ചാമത്തെ ബൗളിങ് പ്രകടനം കാഴ്ചവെക്കുകയായിരുന്നു ബുംറ.
ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകളാണ് ബുംറയുടെ സമ്പാദ്യം. ഓവറിന് 7.41 റൺസ് എന്ന മികച്ച ഇക്കോണമി റേറ്റിങ് നേടാനും അദ്ദേഹത്തിനായി.