'ഇനി ധൈര്യമായി എഴുതിക്കോ'; എൽ.എസ്.ജി നൽകിയതിനേക്കാൾ വലിയ തുകയ്ക്ക് ദിഗ്‌വേഷ് റാതിയെ സ്വന്തമാക്കി സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസ്
text_fieldsന്യൂഡൽഹി: ഇക്കഴിഞ്ഞ ഐ.പി.എല്ലിൽ മികച്ച ബൗളിങ് പ്രകടനത്തിലൂടെ വിസ്മയിപ്പിച്ച താരമാണ് ലഖ്നോ സൂപ്പർ ജയന്‍റ്സിന്‍റെ ദിഗ്‌വേഷ് റാതി. എന്നാൽ, പലപ്പോഴും അതിരുവിട്ട ആഹ്ലാദപ്രകടനത്തിന്‍റെ പേരിൽ അച്ചടക്ക നടപടിക്കും താരം വിധേയനായിട്ടുണ്ട്. 14 മത്സരത്തിൽ 13 വിക്കറ്റ് നേടിയ ദിഗ്‌വേഷ് റാതി ഒരു തുടക്കക്കാരനെന്ന നിലയിൽ 8.25 എന്ന മികച്ച ഇക്കണോമിയിലുമാണ് പന്തെറിഞ്ഞത്.
വെറും 30 ലക്ഷത്തിന് ടീമിലെത്തിച്ച താരം എൽ.എസ്.ജിയുടെ തുറുപ്പുചീട്ടായി മാറിയിരുന്നു. എന്നാൽ, ഇപ്പോഴിതാ, ഐ.പി.എല്ലിൽ എൽ.എസ്.ജി നൽകിയതിനേക്കാൾ കൂടുതൽ തുകക്ക് താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് ഡൽഹി പ്രീമിയർ ലീഗിലെ ടീമായ സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസ്. താരലേലത്തിൽ 38 ലക്ഷം രൂപക്കാണ് ദിഗ്‌വേഷിനെ സൂപ്പർസ്റ്റാർസ് ടീമിലെത്തിച്ചത്.
ഡൽഹി പ്രീമിയർ ലീഗ് ലേലത്തിൽ ദിഗ്‌വേഷിന് വേണ്ടി വാശിയേറിയ ലേലംവിളിയാണ് നടന്നത്. താരത്തെ സ്വന്തമാക്കാൻ പുരാനി ദില്ലി 6 ടീം രംഗത്തുണ്ടായിരുന്നെങ്കിലും സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസ് വിട്ടുകൊടുത്തില്ല. ഇതോടെയാണ്, പണക്കൊഴുപ്പിന്‍റെ ലീഗായ ഐ.പി.എല്ലിൽ ലഭിച്ചതിനും വലിയ തുക ദിഗ്‌വേഷിന് ഡൽഹി പ്രീമിയർ ലീഗിൽ കൈവന്നത്.
മികച്ച ബൗളറായ ദിഗ്‌വേഷ് റാതിയെ ഈ ഐ.പി.എല്ലിന്‍റെ കണ്ടെത്തലുകളിലൊന്നായാണ് പലരും വിശേഷിപ്പിച്ചത്. അതേസമയം, ദിഗ്‌വേഷ് റാതിയുടെ നോട്ട്ബുക്ക് ആഘോഷ പ്രകടനമാണ് പല തവണ ബി.സി.സി.ഐയുടെ നടപടിക്ക് കാരണമായത്. പല കളിയിലും മാച്ച് ഫീയുടെ വലിയ ശതമാനവും പിഴയായി നൽകേണ്ടിവന്നതിന് പിന്നാലെ ഒരു കളിയിൽ സസ്പെൻഷനും നേരിട്ടിരുന്നു. വിക്കറ്റ് എടുത്തതിന് ശേഷം കൈയിൽ എഴുതുന്നതായി കാണിക്കുന്ന താരത്തിന്‍റെ നോട്ട്ബുക് സെലിബ്രേഷനാണ് അച്ചടക്ക ലംഘനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

