വൈഭവ് സൂര്യവംശി പത്താം ക്ലാസ് പരീക്ഷ തോറ്റോ? സത്യാവസ്ഥ ഇതാണ്...
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം. എക്‌സിലെ ‘സാറ്ററോളജി’ എന്ന അക്കൗണ്ടിലാണ് വൈഭവ് പത്താം ക്ലാസ് തോറ്റെന്ന പോസ്റ്റ് ആദ്യം പ്രചരിച്ചത്.
പിന്നാലെ നിരവധി പേർ ഈ പോസ്റ്റ് പങ്കുവെച്ചതോടെ വൈറലായി. ‘അതിശയകരമെന്ന് പറയട്ടെ, ഐ.പി.എല്ലിൽ റെക്കോഡ് പ്രകടനത്തിലൂടെ വാർത്തകളിൽ ഇടംനേടിയ 14 വയസ്സുകാരൻ ക്രിക്കറ്റ് സെൻസേഷൻ വൈഭവ് സൂര്യവംശി സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അസാധാരണമായ നീക്കത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) മൂല്യനിര്‍ണയ പിശകുകളെ കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി വൈഭവിന്‍റെ ഉത്തരക്കടലാസുകള്‍ ഡി.ആര്‍.എസ് ശൈലിയില്‍ പുനഃപരിശോധിക്കാന്‍ ഔദ്യോഗികമായി അഭ്യര്‍ഥിച്ചു’ -എന്നായിരുന്നു പോസ്റ്റ്.
ആക്ഷേപഹാസ്യ പോസ്റ്റുകള്‍ പങ്കുവെക്കുന്ന ഈ എക്സ് അക്കൗണ്ടിൽവന്ന പോസ്റ്റ് പലരും ഗൗരവമായെടുക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഇതാണ് വ്യാജ പ്രചാരണത്തിന് കാരണമായത്. സത്യത്തില്‍ വൈഭവ് താജ്പുരിലെ മോഡസ്റ്റി സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. 14കാരനായ വൈഭവിന് എങ്ങനെ പത്താം ക്ലാസ് പരീക്ഷ എഴുതാനാകുമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.
ഏറെ രസകരം, വൈഭവ് പത്താം ക്ലാസ് പരീക്ഷ തോറ്റെന്ന പോസ്റ്റിനു താഴെ തന്നെ ഇത് ശരിയായ വാർത്തയല്ലെന്നും ഈ പോസ്റ്റും പേജും പൂർണമായും ആക്ഷേപഹാസ്യമാണെന്നും ഈ പോസ്റ്റ് വിനോദത്തിനു വേണ്ടി മാത്രമാണെന്നും പറയുന്നുണ്ട്. ഐ.പി.എല്‍ മെഗാ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 1.10 കോടിക്ക് യുവതാരത്തെ ടീമിലെടുത്തതോടെയാണ് വൈഭവ് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകുന്നത്. ഐ.പി.എൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തില്‍നിന്ന് സെഞ്ച്വറി കുറിച്ചതോടെ നിരവധി റെക്കോഡുകളും കൗമാരതാരം സ്വന്തമാക്കി. ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം, ഐ.പി.എല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ച്വറി, ഐ.പി.എല്ലിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറി എന്നിവയെല്ലാം താരം സ്വന്തം പേരിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

