'തല'യുടെ വിളയാട്ടം കാണാൻ കൊതിച്ച് ആരാധകർ; ഇത്തവണ നേരത്തെയിറങ്ങി, എന്നിട്ടും ജയം കാണാനാകാതെ ചെന്നൈ
text_fieldsഐ.പി.എല്ലിൽ തുടർച്ചയായ രണ്ട് മത്സരങ്ങൾ തോറ്റുനിൽക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. മുംബൈക്കെതിരായ ആദ്യ മത്സരം ജയിച്ചപ്പോൾ, പിന്നീട് ബംഗളൂരുവിനെതിരെയും രാജസ്ഥാനെതിരെയും തോറ്റു. ഇന്നലെ രാജസ്ഥാനെതിരെ ആറ് റൺസിനായിരുന്നു ചെന്നൈയുടെ തോൽവി.
ബംഗളൂരുവിനെതിരെ 50 റൺസിന് തോറ്റ മത്സരത്തിൽ സൂപ്പർ താരം എം.എസ്. ധോണി ബാറ്റിങ് ഓർഡറിൽ പിന്നോട്ടിറങ്ങിയത് ചെന്നൈയുടെ ആരാധകർക്ക് പോലും ഇഷ്ടപ്പെട്ടിരുന്നില്ല. മത്സരത്തിൽ ചെന്നൈക്കായി ഒമ്പതാം നമ്പറിലാണ് വെറ്ററൻ താരം എം.എസ്. ധോണി ബാറ്റിങ്ങിന് ഇറങ്ങിയത്. സ്പിന്നർമാരായ രവീന്ദ്ര ജദേജക്കും ആര്‍. അശ്വിനുംശേഷം. ചെന്നൈ ഇന്നിങ്സില്‍ ഏറ്റവും മികച്ച (187.50) പ്രഹരശേഷിയുള്ള ബാറ്റിങ് ധോണിയുടേതായിരുന്നു. എന്നാൽ, ധോണിയെ ഒമ്പതാം നമ്പറിൽ ബാറ്റിങ്ങിന് ഇറക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനമുയർന്നു. ഏറെ ട്രോളുകളും നേരിട്ടു. 16 പന്തിൽ 30 റൺസെടുത്ത ധോണിയുടെ ഇന്നിങ്സ് ടീമിന്‍റെ തോൽവി ഭാരം കുറക്കാൻ മാത്രമാണ് സഹായിച്ചത്.
എന്നാൽ, രാജസ്ഥാനെതിരായ ഇന്നലത്തെ മത്സരത്തിൽ ധോണി നേരത്തെയിറങ്ങിയെങ്കിലും ചെന്നൈയുടെ പരാജയം തടുക്കാനായില്ല. 18 പന്തിൽ 45 റൺസ് വേണമെന്ന നിലയിലാണ് ധോണി ക്രീസിലേക്കെത്തിയത്. ഇതോടെ ആരാധകർ ആവേശത്തിലായി. കൂറ്റനൊരു സിക്സ് പറത്തിയ ധോണി ചെന്നൈക്ക് പ്രതീക്ഷ പകരുകയും ചെയ്തു.
അവസാന ഓവറിൽ ജയിക്കാൻ 20 റൺസായിരുന്നു വേണ്ടത്. ക്രീസിലുള്ളത് ധോണി-രവീന്ദ്ര ജഡേജ സഖ്യം. പതിവിന് വിപരീതമായി ജഡേജ ഇന്നലെ നന്നായി കളിക്കുകയും ചെയ്തിരുന്നു. അവസാന ഓവറിലെ ആദ്യ പന്ത് നേരിട്ടത് ധോണി. ഏതാനും സിക്സറുകൾ വീണാൽ മത്സരം മാറുമെന്ന സ്ഥിതി. സന്ദീപ് ശർമ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ സിക്സറിന് ശ്രമിച്ച ധോണിയെ ബൗണ്ടറിക്കരികിൽ ഹെറ്റ്മയർ ക്യാച്ചെടുത്ത് പുറത്താക്കിയതോടെ ഗാലറിയിൽ കനത്ത നിരാശ. 11 പന്തിൽ 16 റൺസാണ് ധോണി നേടിയത്.
രാജസ്ഥാൻ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യത്തിലേക്ക് നീങ്ങിയ ചെന്നൈക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. രാജസ്ഥാന് വേണ്ടി ലെഗ് സ്പിന്നർ വനിന്ദു ഹസരങ്ക നാല് വിക്കറ്റ് വീഴ്ത്തി. രണ്ട് കളി തോറ്റ രാജസ്ഥാന്‍റെ ആദ്യ ജയമാണ് ഇന്നലെ.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 182 റൺസെടുത്തത്. നിതീഷ് റാണ (81), ക്യാപ്റ്റൻ റയാൻ പരാഗ് (37) എന്നിവർ രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിങ്ങിൽ ചെന്നൈയെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്‍റെ ഇന്നിങ്സാണ് ട്രാക്കിലെത്തിച്ചത്. ഗെയ്ക്വാദ് 44 പന്തിൽ 63 റൺസെടുത്തു. രാഹുൽ തൃപാദി 23 റൺസെടുത്തും ശിവം ദുബെ 18 റൺസെടുത്തും പുറത്തായി. രവീന്ദ്ര ജഡേജ പുറത്താകാതെ 32 റൺസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

