‘പ്ലെയർ ഓഫ് ദി മാച്ച് എന്തിനാ എനിക്ക്?’, നൂർ ആണ് അത് അർഹിക്കുന്നതെന്ന് ധോണി
text_fieldsഅഞ്ച് തുടർതോൽവികൾക്ക് ശേഷം ഐ.പി.എൽ വമ്പൻമാരായ ചെന്നൈ സൂപ്പർ കിങ്സ് ജയത്തിലെത്തിയിരിക്കുകയാണ്. ഋഷഭ് പന്ത് നായകനായ ലഖ്നൊ സൂപ്പർജയന്‍റ്സിനെതിരെയാണ് സി.എസ്.കെ ജയിച്ച് കയറിയത്. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ വിജയത്തിന് ശേഷം സി.എസ്.കെയുടെ ആദ്യ ജയമാണിത്.
അവസാന ഓവറുകളിൽ ആഞ്ഞടിച്ച എം.എസ്. ധോണിയാണ് കളിയിലെ താരമായത്. 11 പന്തിൽ നിന്നും ഒരു സിക്സറും നാല് ഫോറുമടിച്ച് 26 റൺസാണ് ധോണി നേടിയത്. കളിയിലെ താരമായതിന് ശേഷം, എന്നാണ് ലാസ്റ്റ് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചതെന്ന് കമന്‍റേറ്റർ മുരളി കാർത്തിക്ക് ധോണിയോട് ചോദിച്ചു. ഇതിന് മറുപടിയായാണ്, തനിക്ക് എന്തിനാണ് അവാർഡ് നൽകുന്നതെന്ന് മനസിലാകുന്നില്ലെന്നും നൂർ നന്നായി ബൗൾ ചെയ്തുവെന്നും ധോണി പറഞ്ഞത്.
'എന്തിനാണ് അവർ എനിക്ക് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നൽകുന്നതെന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. മറ്റ് ചില സ്ഥാനാർത്ഥികളും ഉണ്ടായിരുന്നു. നൂർ അഹ്മദിനെ പരിഗണിക്കേണ്ടതായിരുന്നു. നൂർ, രവീന്ദ്ര ജഡേജ എന്നിവർ മികച്ച രീതിയിൽ പന്തെറിഞ്ഞു, മധ്യ ഓവറുകളിൽ അവർ കാര്യങ്ങൾ കൃത്യമായി നിർവഹിച്ചു,' സമ്മാനദാന ചടങ്ങിൽ ധോണി പറഞ്ഞു.
നാല് ഓവറിൽ 13 റൺസ് മാത്രമാണ് നൂർ അഹമ്മദ് വിട്ടുനൽകിയത്. വിക്കറ്റൊന്നും നേടിയില്ലെങ്കിലും ഒരു ബൗണ്ടറി പോലും വഴങ്ങാതെയുള്ള നൂറിന്‍റെ പ്രകടനമാണ് ലഖ്നൊവിനെ പിടിച്ചുകെട്ടിയത്.
മത്സരത്തിൽ ലഖ്നോവിനെ അഞ്ചുവിക്കറ്റിനാണ് ചെന്നൈ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ചെന്നൈ 19.3 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. ധോണിയുടെ അവസാന ഓവറുകളിലെ വമ്പനടികളാണ് ചെന്നൈക്ക് ജയം സാധ്യമാക്കിയത്. 11 പന്തിൽ ഒരു സിക്‌സും നാല് ഫോറും സഹിതം 26 റൺസാണ് നായകന്റെ സമ്പാദ്യം.ഇംപാക്ട് പ്ലെയറായെത്തിയ ശിവം ദുബെയാണ് (37 പന്തിൽ 43 റൺസ്) ചെന്നൈയുടെ ടോപ് സ്കോറർ. എൽ.എസ്.ജിക്കായി രവി ബിഷ്ണോയി രണ്ട് വിക്കറ്റ് വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.