ആരാധകന്റെ ജന്മദിനം ആഘോഷിക്കാനെത്തി ധോണി; വിഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
text_fieldsറാഞ്ചി: ക്രിക്കറ്റ് ആരാധകരുടെ എക്കാലത്തെയും ഇഷ്ടതാരങ്ങളിലൊരാളാണ് നേരത്തെ ഇന്ത്യയുടെയും ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്സിന്റെയും നായകനായ മഹേന്ദ്ര സിങ് ധോണി. തനിക്കൊപ്പം നിൽക്കുന്ന ആരാധകരെ ചേർത്തുപിടിക്കുന്നതിനും താരം എപ്പോഴും സമയം കണ്ടെത്താറുണ്ട്. കളത്തിനകത്തും പുറത്തും അദ്ദേഹത്തിന്റെ സൗമ്യതയും എളിമയും ഏറെ ചർച്ചയായിട്ടുണ്ട്.
ആരാധകന്റെ സന്തോഷത്തിൽ താരം പങ്കുചേരുന്ന ഒരു വിഡിയോയാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകരുടെ പ്രധാന ചർച്ച. ധോണി ആരാധകന്റെ അടുത്തെത്തി കേക്ക് മുറിക്കുന്നതിൽ പങ്കാളിയാകുന്നതും മധുരം നൽകുന്നതുമെല്ലാം വിഡിയോയിലുണ്ട്. മറ്റൊരാൾ കൂടി ഇതിൽ പങ്കാളിയാകുന്നുമുണ്ട്. എന്നാൽ, ആരാധകന്റെ പേരോ സ്ഥലമോ വ്യക്തമല്ല.
അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് 2020ൽ വിരമിച്ച ധോണി ഇപ്പോൾ കൂടുതൽ സമയവും തന്റെ റാഞ്ചിയിലെ ഫാംഹൗസിലാണ് ചെലവിടുന്നത്. 2024ലെ ഐ.പി.എൽ സീസണിനായുള്ള ഒരുക്കത്തിലാണിപ്പോൾ. 14ാം തവണയാണ് ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കാൻ ധോണിയെത്തുന്നത്. അഞ്ചുതവണയാണ് അദ്ദേഹം ടീമിനെ കിരീടത്തിലേക്ക് നയിച്ചത്. കഴിഞ്ഞ സീസണിൽ പരിക്കുമായി കളത്തിലിറങ്ങിയ അദ്ദേഹം മുട്ടുകാൽ ശസ്ത്രക്രിയക്ക് ശേഷമാണ് വീണ്ടും ഐ.പി.എല്ലിനെത്തുന്നത്.

