എന്തുകൊണ്ട് സഞ്ജുവിനെ പുറത്തിരുത്തി; വിശദീകരണവുമായി ശിഖർ ധവാൻ
text_fieldsവെല്ലിങ്ടൺ: ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ സഞ്ജു സാംസണ് അവസരം നൽകാത്തതിൽ കനത്ത വിമർശനമാണ് ആരാധകർ ഉയർത്തുന്നത്. പ്രതിഭ തെളിയിച്ചിട്ടും നിരന്തരം തഴയുന്നത് കനത്ത അനീതിയാണെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. മുൻ ഇന്ത്യൻ താരം മുരളി കാർത്തിക് ഉൾപ്പെടെ സഞ്ജുവിനെ പുറത്തിരുത്തിയതിൽ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു.
ന്യൂസിലാൻഡ് പര്യടനത്തിലെ ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാനെതിരെയും ആരാധകർ വിമർശനമുയർത്തിയിരുന്നു. മഴ കാരണം മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ, സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ടെന്ന് വിശദീകരിച്ചിരിക്കുകയാണ് ധവാൻ.
ഇന്ത്യൻ ബൗളിങ് നിരയെ ശക്തിപ്പെടുത്താൻ വേണ്ടിയാണ് സഞ്ജുവിനെ പുറത്തിരുത്തിയത് എന്നാണ് ക്യാപ്റ്റൻ പറയുന്ന ന്യായം. ആറാമതൊരു ബൗളറെ കൂടി ഉൾപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതിനാൽ ദീപക് ഹൂഡയെ പ്ലേയിങ് ഇലവനിൽ കൊണ്ടുവരികയും സഞ്ജുവിനെ പുറത്തിരുത്തുകയും ചെയ്തുവെന്നാണ് ശിഖർ ധവാൻ പറയുന്നത്.
കഴിഞ്ഞ മത്സരത്തിൽ 307 റൺസ് എന്ന ലക്ഷ്യം മുന്നിൽ വെച്ചിട്ടും ന്യൂസിലാൻഡ് ബാറ്റർമാർ അനായാസം ലക്ഷ്യം കണ്ടത് ഇന്ത്യൻ ബൗളിങ് നിരയുടെ പരിമിതി വെളിപ്പെടുത്തിയിരുന്നു. അഞ്ച് സ്പെഷലിസ്റ്റ് ബൗളർമാർ ശ്രമിച്ചിട്ടും ന്യൂസിലാൻഡിന് വെല്ലുവിളി ഉയർത്താൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആറാമതൊരു ബൗളറെ ഉൾപ്പെടുത്താൻ തീരുമാനമായതും.
എന്നാൽ, ആരാധകർക്ക് ചോദിക്കാനുള്ളത്, ബൗളറെ ഉൾപ്പെടുത്തണമെങ്കിൽ ഫോമിലുള്ള സഞ്ജുവിനെ തന്നെ പുറത്തിരുത്തണമോയെന്നാണ്. നിരന്തരം പരാജയപ്പെടുന്ന റിഷഭ് പന്തിനെയോ ഏകദിനത്തിൽ താളം കണ്ടെത്താൻ മടിക്കുന്ന സൂര്യകുമാർ യാദവിനെയോ പുറത്തിരുത്തിയാൽ മതിയായിരുന്നില്ലേയെന്നാണ് ആരാധകരുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

