ധനഞ്ജയ ഡിസിൽവ ശ്രീലങ്കൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ
text_fieldsകൊളംബോ: ശ്രീലങ്കൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ബാറ്റർ ധനഞ്ജയ ഡിസിൽവയെ തെരഞ്ഞെടുത്തതായി സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഉപുൽ തരംഗ അറിയിച്ചു. രാജ്യത്തിന്റെ 18ാമത്തെ ടെസ്റ്റ് ടീം ക്യാപ്റ്റനാണ് ധനഞ്ജയ. ശ്രീലങ്കയെ 30 ടെസ്റ്റുകളിൽ നയിച്ച ദിമുത് കരുണരത്നെക്ക് പകരമാണ് ധനഞ്ജയയെ നിയോഗിച്ചത്.
കരുണരത്നെയുടെ കീഴിൽ 12 വിജയവും 12 തോൽവിയും ആറ് സമനിലയുമാണ് ശ്രീലങ്ക നേടിയത്. 2019ൽ ദക്ഷിണാഫ്രിക്കയെ അവരുടെ മണ്ണിൽ കീഴടക്കി പരമ്പര നേടിയതാണ് മികച്ച നേട്ടം. ആദ്യമായായിരുന്നു ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു ഏഷ്യൻ ടീം ടെസ്റ്റ് പരമ്പര നേടുന്നത്. ക്യാപ്റ്റനായിരിക്കെ ഐ.സി.സിയുടെ ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്താനും താരത്തിനായിരുന്നു.
കഴിഞ്ഞ ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റിൽ വിവാദങ്ങൾ ഉടലെടുത്തിരുന്നു. രണ്ട് മത്സരങ്ങൾ മാത്രം വിജയിച്ച ടീം ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടീമിൽ സമ്പൂർണ അഴിച്ചുപണി ലക്ഷ്യമിടുന്ന ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഏകദിനത്തിൽ ബാറ്റർ കുശാൽ മെൻഡിസിനെയും ട്വന്റി 20യിൽ ഓൾറൗണ്ടർ വനിന്ദു ഹസരങ്കയെയും ഈയിടെ ക്യാപ്റ്റന്മാരായി നിയോഗിച്ചിരുന്നു. ഫെബ്രുവരി ആറിന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനനെതിരായ പരമ്പരയിലായിരിക്കും ധനഞ്ജയയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

