അഞ്ച് മത്സരത്തിൽ നാല് സെഞ്ച്വറി; റെക്കോഡുകൾ തിരുത്തി പടിക്കൽ ഷോ
text_fieldsദേവ്ദത്ത് പടിക്കൽ
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ വെടിക്കെട്ട് പ്രകടനം തുടർന്ന് കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ. ത്രിപുരക്കെതിരായ മത്സരത്തിൽ സെഞ്ച്വറി കുറിച്ച ദേവ്ദത്ത് അഞ്ച് മത്സരങ്ങൾക്കിടെ നാലാം സെഞ്ച്വറിയുമായി ചരിത്രം കുറിച്ചു. അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ കർണാടകയുടെ മുൻനിര തകർന്നപ്പോൾ, ഒറ്റയാൻ പോരാട്ടത്തിലൂടെ ദേവ്ദത്ത് ടീമിനെ ഏഴു വിക്കറ്റ് നഷ്ടത്തിൽ 332 റൺസ് എന്ന മികച്ച ടോട്ടലിൽ എത്തിച്ചു. 120 പന്തിൽ മൂന്ന് സിക്സും എട്ട് ബൗണ്ടറിയുമായാണ് ദേവ്ദത്ത് 108 റൺസെടുത്തത്. രവിചന്ദ്ര സ്മരൺ 60, അഭിനവ് മനോഹർ (79 നോട്ടൗട്ട്) എന്നിവർ മധ്യനിരയിൽ മികച്ച പിന്തുണ നൽകി.
ഡിസംബർ 24ന് ആരംഭിച്ച വിജയ് ഹസാരെ ട്രോഫിയിൽ ഇതുവരെ കളിച്ച അഞ്ചിൽ നാലിലും കർണാടകയുടെ മലയാളി ഓപണർ സെഞ്ച്വറി കുറിച്ചു. ജാർഖണ്ഡിനെതിരെ 147 റൺസ്, പിന്നാലെ കേരളത്തിനെതിരെ 124, പുതുച്ചേരിക്കെതിരെ 113 റൺസ് എന്നിങ്ങനെയായിരുന്നു സംഭാവന. ഇതിനിടയിൽ തമിഴ്നാടിനെതിരായ മത്സരത്തിൽ 22 റൺസിന് പുറത്തായിരുന്നു.
ലിസ്റ്റ് ‘എ’ ക്രിക്കറ്റിൽ ദേവ്ദത്തിന്റെ 13ാം സെഞ്ച്വറിയാണ് അഹമ്മദബാദിൽ പിറന്നത്. വിജയ് ഹസാരെ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി അടിച്ച താരങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് ദേവ്ദത്ത് പടിക്കൽ. അങ്കിത് ഭാവ്നെ (15 സെഞ്ച്വറി), ഋതുരാജ് ഗെയ്ക്‍വാദ് (14) എന്നിവരാണ് മുന്നിലുള്ളത്.
ന്യൂസിലൻഡിനെതിരായ ഈ മാസം ആരംഭിക്കുന്ന പരമ്പരക്കുള്ള ഇന്ത്യൻടീമിനെ പ്രഖ്യാപിക്കാനിരിക്കെ ദേവ്ദത്തിന്റെ സ്ഥിരതയാർന്ന പ്രകടനത്തിന് സെലക്ടർമാർ കൈകൊടുക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

