ഇഷാൻ കിഷന്‍റെ വെടിക്കെട്ടിന് ദേവ്ദത്തിലൂടെ മറുപടി; ചേസിങ്ങിൽ റെക്കോഡ് കുറിച്ച് കർണാടക
text_fieldsഇഷാൻ കിഷൻ, ദേവ്ദത്ത് പടിക്കൽ
അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസുമായി കർണാടക. 413 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യമൊരുക്കിയ ഝാർഖണ്ഡിനെ അഞ്ച് വിക്കറ്റിനാണ് കർണാടക തകർത്തത്. ലിസ്റ്റ് എ ക്രിക്കറ്റിലെ രണ്ടാമത്തെ വലിയ റൺ ചേസിങ്ങാണ് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയം ബുധനാഴ്ച സാക്ഷ്യം വഹിച്ചത്. 2006ൽ ജൊഹാനസ്ബർഗിൽ ആസ്ട്രേലിയ ഉയർത്തിയ 436 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ റെക്കോഡ് മാത്രമാണ് കർണാടക്കക് മുന്നിലുള്ളത്. 15 പന്ത് ബാക്കി നിൽക്കെയാണ് നിലവിലെ ചാമ്പ്യന്മാർ ജയം പിടിച്ചത്. സ്കോർ: ഝാർഖണ്ഡ് -50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 412, കർണാടക -47.3 ഓവറിൽ അഞ്ചിന് 413.
മത്സരത്തിൽ ടോസ് നേടിയ കർണാടക ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ ശ്രദ്ധയോടെ കളിച്ച ഝാർഖണ്ഡിന്‍റെ മുൻനിര ബാറ്റർമാരിൽ ഉത്കർഷ് സിങ് (8), ശുഭ് ശർമ (15) എന്നിവർ മാത്രമാണ് നിരാശപ്പെടുത്തിയത്. ഓപണർ ശിഖർ മോഹൻ 44 റൺസ് നേടി. വിരാട് സിങ് (88), കുമാർ കുശാഗ്ര (63) എന്നിവർ അർധ സെഞ്ച്വറി നേടി. ആറാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ ഇഷാൻ കിഷൻ കത്തിക്കയറിയതോടെ ഝാർഖണ്ഡിന്‍റെ റൺറേറ്റ് കുത്തനെ ഉയർന്നു. 33 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ താരം, വിജയ് ഹസാരെ ടൂർണമെന്‍റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് സ്വന്തം പേരിലാക്കിയത്. 39 പന്തിൽ ഏഴ് ഫോറും 14 സിക്സും സഹിതം 125 റൺസ് നേടിയാണ് ഇഷാൻ പുറത്തായത്. അങ്കുൽ റോയ് (13), റോബിൻ മിൻസ് (8), വിശാഖ് സിങ് (0), ശുശാന്ത് മിശ്ര (1*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ. കർണാടകക്കായി അഭിലാഷ് ഷെട്ടി നാല് വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ഓപണർമാർ മികച്ച തുടക്കമാണ് കർണാടകക്ക് നൽകിയത്. ദേവ്ദത്ത് പടിക്കലിനൊപ്പം 11.5 ഓവറിൽ 114 റൺസിന്‍റെ കൂട്ടുകെട്ടൊരുക്കിയാണ് ക്യാപ്റ്റൻ മായങ്ക് അഗർവാൾ (54) പുറത്തായത്. ക്ഷമയോടെ ഇന്നിങ്സ് പടുത്തുയർത്തിയ ദേവ്ദത്ത് 118 പന്തിൽ 10 ഫോറും ഏഴ് സിക്സും സഹിതം 147 റൺസ് നേടി. കരുൺ നായർ (29), രവിചന്ദ്രൻ സ്മരൺ (27), കൃഷ്ണൻ ശ്രീജിത്ത് (38) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അർധ സെഞ്ച്വറി നേടിയ അഭിനവ് മനോഹർ (56*), ധ്രുവ് പ്രഭാകർ (22 പന്തിൽ 40*) എന്നിവർ ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

