‘ടെസ്റ്റ് ക്രിക്കറ്റിനെ കൊന്നുകളഞ്ഞു’; ഇന്ത്യയുടെ തോൽവിക്കു പിന്നാലെ രൂക്ഷ വിമർശനവുമായി ഹർഭജൻ
text_fieldsകൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ അപ്രതീക്ഷിത തോൽവിയാണ് ഏറ്റുവാങ്ങിയത്. താരതമ്യേന ചെറിയ വിജയലക്ഷ്യമായ 124 പിന്തുടർന്ന ഇന്ത്യൻ ബാറ്റിങ് നിര 93 റൺസെടുക്കുന്നതിനിടെ തകർന്നടിഞ്ഞു. 30 റൺസിന് സന്ദർശകർ ജയിച്ചതോടെ ടെസ്റ്റ് ചാമ്പ്യൻഷിപ് പോയന്‍റ് പട്ടികയിലും ഇന്ത്യ തിരിച്ചടി നേരിട്ടു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കായി 30ലേറെ റൺസ് നേടാനായത് വാഷിങ്ടൺ സുന്ദറിനു മാത്രമാണ്. രണ്ടാംദിനം 15 വിക്കറ്റ് വീണതോടെ ഈഡൻ ഗാർഡനിലെ പിച്ചിനെച്ചൊല്ലി വ്യാപക വിമർശനമുയർന്നിരുന്നു. സ്പിന്നിന് അനുകൂലമായ പിച്ചൊരുക്കുന്നതിലൂടെ ടെസ്റ്റ് ക്രിക്കറ്റിനെ തകർക്കുകയാണ് ചെയ്യുന്നതെന്നും കളിക്കാർക്ക് അതുകൊണ്ട് പ്രയോജനമില്ലെന്നും പറയുകയാണ് ഇന്ത്യയുടെ മുൻ സ്പിന്നർ ഹർഭജൻ സിങ്.
“അവർ ടെസ്റ്റ് ക്രിക്കറ്റിനെ പൂർണമായും തകർത്തുകളഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിന് ആർ.ഐ.പി. കഴിഞ്ഞ ഏതാനും വർഷങ്ങളായി തയാറാക്കുന്ന പിച്ച് ഞാൻ കാണാറുണ്ട്. ടീം ജയിക്കുന്നതിനാൽ ആർക്കും പരാതിയില്ല. ആരെങ്കിലുമൊക്കെ വിക്കറ്റെടുത്ത് ഹീറോയാകുന്നു, എല്ലാം നല്ലനിലയിൽ പോകുന്നുവെന്ന് പൊതുവെ ചിന്ത ഉയരുന്നു. എന്നാൽ ഇത് വളരെ മോശം പ്രവണതയാണ്. ജയിച്ചാലും കളിക്കാർക്ക് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാകുന്നില്ല. നുകത്തിൽ കെട്ടിയ കാളയുടെ അവസ്ഥയിലാകും താരങ്ങൾ. ക്രിക്കറ്ററെന്ന നിലയിൽ ഒരിക്കലും വളരില്ല. ഇത്തരം പിച്ചുകളിൽ എങ്ങനെ ബാറ്റുചെയ്യണമെന്ന് ബാറ്റർമാർക്ക് ആശയക്കുഴപ്പമുണ്ടാകും. അവരെ കളി അറിയാത്തവരെ പോലെയാക്കും. പിച്ചിന്‍റെ സ്വഭാവത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം വിക്കറ്റുകൾ വീഴുന്നു. ബാറ്ററുടെയോ ബൗളറുടെയോ കഴിവ് പ്രകടിപ്പിക്കാൻ കഴിയാതെ വരുന്നു” -ഹർഭജൻ പറഞ്ഞു.
ഇന്ത്യയുടെ തോൽവിയിൽ നിരാശ പ്രകടിപ്പിച്ച് മുൻതാരം ചേതേശ്വർ പുജാരയും രംഗത്തുവന്നു. തോൽവി അംഗീകരിക്കാനാകില്ലെന്നും കളിക്കാരുടെ മികവല്ല, മറ്റെന്തോ ആണ് പ്രശ്നമെന്നും പുജാര തുറന്നടിച്ചു. ഇന്ത്യൻ ടീമിൽ ഏറെയും യുവതാരങ്ങളായതിനാൽ ഇംഗ്ലണ്ടിലും ആസ്ട്രേലിയയിലും തോറ്റു. എന്നാൽ ഏതാനും പരമ്പരകൾക്കു ശേഷം നാട്ടിൽ വീണ്ടും തോൽക്കുന്നത് അംഗീകരിക്കാനാകില്ല. ജയ്സ്വാൾ, രാഹുൽ, വാഷിങ്ടൺ സുന്ദർ തുടങ്ങിയവരുടെ ഫസ്റ്റ് ക്ലാസ് റെക്കോഡ് നോക്കൂ. എന്നിട്ടും നമ്മൾ തോൽക്കുന്നുണ്ടെങ്കിൽ മറ്റെന്തോ കുഴപ്പമുണ്ട്. റാങ്ക് ടേണിങ് പിച്ചുകളെ അമിതമായി ആശ്രയിക്കുന്ന പ്രവണതയാണ് കൊൽക്കത്തയിൽ ഇന്ത്യക്ക് വിനയായതെന്നും പുജാര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

