വെയ്റ്റ് & ഷീ
text_fieldsവനിത പ്രീമിയർ ലീഗ് കിരീടവുമായി ഡൽഹി കാപിറ്റൽസ്, റോയൽ ചാലഞ്ചേഴ്സ് നായികമാരായ സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസും
വഡോദര: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് നാലാം പതിപ്പിന്റെ കിരീടപ്പോരാട്ടം വ്യാഴാഴ്ച നടക്കും. കഴിഞ്ഞ മൂന്നു തവണയും ഫൈനലിൽ തോൽക്കേണ്ടിവന്ന ഡൽഹി കാപിറ്റൽസ് ഒരിക്കൽക്കൂടി കലാശക്കളിക്ക് യോഗ്യത നേടിയപ്പോൾ എതിരാളികളായി കിട്ടിയിരിക്കുന്നത് മുൻ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെയാണ്. ഇന്ത്യയുടെ സൂപ്പർ ബാറ്റർമാരും ഉറ്റ സുഹൃത്തുക്കളുമായ സ്മൃതി മന്ദാന ആർ.സി.ബിയെയും ജെമീമ റോഡ്രിഗസ് ഡൽഹിയെയും നയിച്ച് കളത്തിലിറങ്ങും. രാത്രി 7.30 മുതലാണ് മത്സരം.
ലീഗ് റൗണ്ടിലെ എട്ടിൽ ആറ് മത്സരങ്ങളും ജയിച്ച് നേരിട്ട് ഫൈനലിലെത്തിയതാണ് ബംഗളൂരു. കാപിറ്റൽസാവട്ടെ എലിമിനേറ്റർ കളിച്ച് ഗുജറാത്ത് ജയന്റ്സിനെ തോൽപിച്ചും കടന്നു. മികവുറ്റ ഒരുപിടി താരങ്ങൾ ഇരുഭാഗത്തുമുണ്ട്. സ്മൃതിക്കൊപ്പം ഇന്നിങ്സ് ഓപൺ ചെയ്യുന്ന ആസ്ട്രേലിയക്കാരി ഗ്രേസ് ഹാരിസ് മിന്നും ഫോമിലാണ്. തുടർന്ന് വരുന്ന ജോർജിയ വോളും റിച്ച ഘോഷുമൊക്കെ തകർപ്പൻ ബാറ്റിങ് പുറത്തെടുക്കാൻ കെൽപ്പുള്ളവർ. നദീൻ ഡി ക്ലർക്ക് നയിക്കുന്ന പേസ് ബൗളിങ് നിരയും ശ്രേയങ്ക പാട്ടീലിന്റെ സ്പിന്നും ചേരുമ്പോൾ ആർ.സി.ബിയെ തോൽപിക്കുക കാപിറ്റൽസിന് എളുപ്പമാവില്ല.
ഷഫാലി വർമയും ദക്ഷിണാഫ്രിക്കൻ താരം ലിസെലെ ലീയും ഇന്നിങ്സ് തുറക്കുന്ന ഡൽഹിയിലും പ്രതിഭകൾക്ക് കുറവില്ല. ലോറ വോൾവാർട്ട് വലിയ സ്കോറുകൾ കണ്ടെത്തുന്നതിൽ മിടുക്കിയാണ്. വിക്കറ്റ് വേട്ടക്കാരി നന്ദനി ശർമയും ചിനേലെ ഹെൻട്രിയുമാണ് പേസ് കരുത്ത്. മലയാളി ഓൾ റൗണ്ടർ മിന്നു മണി സ്പിന്നിൽ മിന്നുന്നുണ്ട്.
ടീം ഇവരിൽ നിന്ന്
ഡൽഹി കാപിറ്റൽസ്: ജെമീമ റോഡ്രിഗസ് (ക്യാപ്റ്റൻ), ഷഫാലി വർമ, ലിസെലെ ലീ, ലോറ വോൾവാർട്ട്, മരിസാൻ കാപ്പ്, അലാന കിങ്, മിന്നു മണി, താനിയ ഭാട്യ, ലൂസി ഹാമിൽട്ടൺ, ചിനേലെ ഹെൻട്രി, നിക്കി പ്രസാദ്, സ്നേഹ് റാണ, നന്ദനി ശർമ, ശ്രീചരണി, പ്രഗതി സിങ്, എഡ് ല ശ്രുജാന.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ലോറൻ ബെൽ, ഗ്രേസ് ഹാരിസ്, ജോർജിയ വോൾ, നദീൻ ഡി ക്ലർക്ക്, റിച്ച ഘോഷ്, ദയാലൻ ഹേമലത, ഗൗതമി നായിക്, ശ്രേയങ്ക പാട്ടീൽ, രാധ യാദവ്, പ്രത്യൂഷ കുമാർ, പ്രേമ റാവത്ത്, അരുന്ധതി റെഡ്ഡി, സയാലി സത്ഗാരെ, ലിൻസി സ്മിത്ത്, പൂജ വസ്ത്രകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

