ഷാർജ: െഎ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ ഇത്തവണ ഷാർജയിലെ ഭാഗ്യമൈതാനവും തുണച്ചില്ല. ഇൗ സീസണിലെ മികച്ച ടീമായി പേരെടുത്ത ഡൽഹി ക്യാപിറ്റൽസാണ് രാജസ്ഥാനെ 46 റൺസിന് തകർത്തത്. സ്കോർ: ഡൽഹി ^ 184/8, രാജസ്ഥാൻ ^ 138/10 (19.4). വിജയത്തോടെ ഡൽഹി പോയിൻറ് പട്ടികയിൽ ഒന്നാമതെത്തി. രാജസ്ഥാെൻറ തുടർച്ചയായ നാലാം തോൽവിയാണ് വെള്ളിയാഴ്ചത്തേത്.
മലയാളി താരം സഞ്ജു സാംസണും ബട്ട്ലറുമെല്ലാം നിരാശപ്പെടുത്തിയപ്പോൾ ഒാപണർ ജെയസ്വാളും തെവാത്തിയയുമാണ് വമ്പൻ തോൽവിയിൽനിന്ന് രാജസ്ഥാനെ രക്ഷിച്ചത്. ഒമ്പത് പന്തിൽനിന്ന് അഞ്ച് റൺസ് മാത്രമാണ് സഞ്ജുവിെൻറ സമ്പാദ്യം.
ജെയ്സ്വാൽ (34), ബട്ട്ലർ (13), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (24), തെവാത്തിയ (38) എന്നിവർ മാത്രമാണ് രാജസ്ഥാൻ നിരയിൽ രണ്ടക്കം കടന്ന ബാറ്റ്സ്മാൻമാർ. ഡൽഹിക്കായി റബാദ മൂന്നും അശ്വിൻ, സ്റ്റോണിസ് എന്നിവർ രണ്ട് വീതവും വിക്കറ്റുകൾ വീഴ്ത്തി.
ഹെറ്റ്മെയറുടെയും സ്റ്റോണിസിെൻറയും ബാറ്റിങ് കരുത്തിലാണ് ഡൽഹി എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തത്. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ക്യാപ്റ്റെൻറ തീരുമാനം ശരിവെക്കുന്ന രീതിയിലായിരുന്നു ആദ്യ ഒാവറുകൾ. രണ്ടാമത്തെ ഒാവറിൽ തന്നെ ഇന്ത്യൻ താരം ശിഖാർ ധവാൻ ആർച്ചറിന് മുന്നിൽ കീഴടങ്ങി. അഞ്ച് റൺസ് മാത്രമായിരുന്നു സമ്പാദ്യം. പിന്നീട് വന്ന ശ്രേയസ് െഎയ്യരും ഒാപണർ പ്രിഥ്വി ഷായും ചേർന്ന് ഇന്നിങ്സ് പതിയെ കെട്ടിപ്പടുക്കുന്നതിനിടെ അടുത്ത വിക്കറ്റും വീണു. അഞ്ചാമത്തെ ഒാവറിൽ ആർച്ചർ തന്നെയാണ് വീണ്ടും വിക്കറ്റ് വീഴ്ത്തിയത്. 10 പന്തിൽനിന്ന് 19 റൺസായിരുന്നു ഷായുടെ സമ്പാദ്യം.
ആറമാത്തെ ഒാവറിൽ ശ്രേയസ് അയ്യരും കൂടാരം കയറി. 22 റൺസ് എടുത്തുനിൽക്കെ റൺഒൗട്ട് ആകാനായിരുന്നു വിധി. പിന്നീട് എത്തിയ ക്യാപ്റ്റനും അധിക ആയുസ്സുണ്ടായില്ല. ഒമ്പത് പന്തിൽനിന്ന് അഞ്ച് റൺസ് മാത്രമെടുത്ത പന്തും റൺഒൗട്ട് ആവുകയായിരുന്നു.
തുടർന്ന് ക്രീസിലെത്തിയ സ്റ്റോണിസും (30 പന്തിൽനിന്ന് 39 റൺസ്) ഹെറ്റ്മെയറും (24 പന്തിൽനിന്ന് 45 റൺസ്) ചേർന്നാണ് ഡൽഹിക്ക് മാന്യമായ സ്കോർ പടുത്തുയർത്തിയത്. ഹർഷൽ പേട്ടൽ (16), അക്സർ പേട്ടൽ (17), റബാദ (2), അശ്വിൻ (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ ബാറ്റിങ് പ്രകടനം.
രാജസ്ഥാന് വേണ്ടി ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി. കാർത്തിക് ത്യാഗി, ആൻഡ്രു ടൈ, തെവാത്തിയ എന്നിവർ ഒാരോ വിക്കറ്റുകൾ വീതവും പിഴുതു. തുടർച്ചയായി മൂന്ന് തോൽവികൾക്ക് ശേഷമാണ് രാജസ്ഥാൻ റോയൽസ് ഷാർജയിലേക്ക് വീണ്ടുമെത്തിയത്. ഷാർജയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ 200ലേറെ റൺസ് സ്കോർ ചെയ്ത് രാജസ്ഥാൻ വിജയിച്ചിരുന്നു. നിലവിൽ പോയിൻറ് നിലയിൽ ഏഴാംസ്ഥാനത്താണ് രാജസ്ഥാൻ.