ലങ്കാദഹനത്തിനിടെ റെക്കോഡും സ്വന്തമാക്കി ദീപ്തി ശര്‍മ; വിക്കറ്റു വേട്ടയിൽ വൻനേട്ടം
text_fieldsദീപ്തി ശര്‍മ
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് തിരുത്തി ഇന്ത്യയുടെ ദീപ്തി ശര്‍മക്ക് സ്വന്തം. ചൊവ്വാഴ്ച ശ്രീലങ്കക്കെതിരായ മത്സരത്തോടെ 152 വിക്കറ്റ് നേടിയ ദീപ്തി, മേഘന്‍ ഷട്ടിന്റെ റെക്കോഡാണ് മറികടന്നത്. ലങ്കയ്‌ക്കെതിരെ അഞ്ചാം ടി20 മത്സരത്തിന് ഇറങ്ങുമ്പോള്‍ മേഘന്റെ റെക്കോര്‍ഡിന് ഒപ്പമായിരുന്നു ദീപ്തി. നിലാക്ഷിക സില്‍വയെ പുറത്താക്കിയാണ് റെക്കോഡ് സ്വന്തം പേരിലാക്കിയത്. 130-ാം ഇന്നിംഗ്‌സിലാണ് ദീപ്തി 152 വിക്കറ്റില്‍ എത്തിയത്. 86 ഇന്നിംഗ്‌സില്‍ 103 വിക്കറ്റ് നേടിയ രാധ യാദവാണ് ഇക്കാര്യത്തിൽ രണ്ടാമതുള്ള ഇന്ത്യന്‍ താരം.
അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. അവസാന മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് ഇന്ത്യ നേടിയത്. 43 പന്തില്‍ 68 റണ്‍സ് നേടിയ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറാണ് ടോപ് സ്‌കോറര്‍. അമന്‍ജോത് കൗര്‍ (18 പന്തില്‍ 21), അരുന്ധതി റെഡ്ഡി (11 പന്തില്‍ 27) എന്നിവരും വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.
176 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് തുടക്കത്തിൽതന്നെ ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടുവിനെ നഷ്ടമായി. രണ്ട് റണ്‍സെടുത്ത ചമാരിയെ അരുന്ധതി റെഡ്ഢി, ദീപ്തി ശര്‍മയുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് ഇമേഷ ദുലാനിയും ഹാസിനി പെരേരയും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ശ്രീലങ്കയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. 39 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി തികച്ച ഇമേഷയെ പുറത്താക്കി അമന്‍ ജ്യോത് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. ഹാസിനി പെരേരയും അര്‍ധ സെഞ്ച്വറി നേടിയെങ്കിലും നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനേ ലങ്കൻ നിരക്ക് കഴിഞ്ഞുള്ളൂ. ഹര്‍മന്‍പ്രീതാണ് കളിയിലെ താരം. ഷഫാലി വര്‍മ പരമ്പരയിലെ താരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

