പാകിസ്താൻ ജന്മഭൂമി, ഇന്ത്യ മാതൃഭൂമി; പൗരത്വവിവാദത്തിൽ മൗനം വെടിഞ്ഞ് പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ
text_fieldsന്യൂഡൽഹി: പൗരത്വ വിവാദത്തിൽ മൗനം വെടിഞ്ഞ് മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. എക്സിലെ ദീർഘമായ കുറിപ്പിൽ പാകിസ്താനിലെ ജനങ്ങൾ നൽകിയ സ്നേഹത്തിന് ഡാനിഷ് നന്ദി പറയുന്നു. അതേസമയം, താൻ വിവേചനത്തിനും മതപരിവർത്തനത്തിനുള്ള സമ്മർദ്ദത്തിനും ഇരയായിരുന്നതായും ഡാനിഷ് ആരോപിക്കുന്നുണ്ട്.
ഏതാനും നാളുകളായി താരം ഇന്ത്യൻ പൗരത്വത്തിന് ശ്രമിക്കുകയാണെന്ന് വാർത്ത പരന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡാനിഷ് കനേരിയ നിലപാട് വ്യക്തമാക്കി രംഗത്തെത്തുന്നത്.
പാകിസ്താൻ ജന്മഭൂമിയും ഇന്ത്യ മാതൃഭൂമിയുമാണ്. തന്റെ പൂർവികർ ജീവിച്ചിരുന്ന നാട് തനിക്ക് ക്ഷേത്രത്തെ പോലെയാണെന്നും ഡാനിഷ് എക്സിലെ കുറിപ്പിൽ പറഞ്ഞു.
നിലവിൽ തനിക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാനുള്ള തീരുമാനമില്ല. അങ്ങനെ ഉണ്ടായാൽ തന്നെ ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമം തന്നെപ്പോലുള്ളവർക്ക് പൗരത്വത്തിന് അപേക്ഷിക്കാനുള്ള ചട്ടക്കൂട് ഒരുക്കുന്നുണ്ടെന്നും ഡാനിഷ് വ്യക്തമാക്കി.
സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങൾ സമൂഹമാധ്യമങ്ങളിലും അല്ലാതെയും ഉന്നയിക്കുന്നത് തുടരും. സ്വന്തം ധർമം പിന്തുടരുന്നതിനൊപ്പം പാകിസ്താന്റെ മൂല്യങ്ങളെ തകർക്കുകയും സമൂഹത്തെ വിഭജിക്കുകയും ചെയ്യുന്ന ദേശവിരുദ്ധരും കപട സെക്യുലറിസ്റ്റുകളുമായ ആളുകളെ തുറന്നുകാണിക്കുകയും ചെയ്യും. തന്റെ സുരക്ഷയെ കുറിച്ച് ആശങ്കയറിയിച്ചവരോട് താൻ സുരക്ഷിതനാണെന്നും സന്തുഷ്ടനാണെന്നും കനേരിയ പറയുന്നു.
2000-2010 കാലഘട്ടത്തിൽ പാകിസ്താനായി 61 ടെസ്റ്റ് മാച്ചുകളും 18 ഏകദിനങ്ങളും മുൻ ലെഗ് സ്പിന്നർ കൂടിയായ ഡാനിഷ് കനേരിയ കളിച്ചിട്ടുണ്ട്. ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇംഗ്ളണ്ട് ആന്റ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് ആജീവനാന്ത വിലക്കേർപ്പെടുത്തിയതോടെയാണ് താരം കളിക്കളം വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

