വിജയ വണക്കം; അവസാന മത്സരത്തിൽ ചെന്നൈക്ക് ജയം
text_fieldsഅഹ്മദാബാദ്: ഐ.പി.എല്ലിൽ അവസാന മത്സരം 83 റൺസിന് ജയിച്ച്, അവസാന സ്ഥാനക്കാരായി ചെന്നൈ സൂപ്പർ കിങ്സിന് മടക്കം. പോയന്റ് പട്ടികയിൽ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റൻസിനെയാണ് ചെന്നൈ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 230 റൺസ് അടിച്ചെടുത്തു. കരുത്തരായ ബാറ്റർമാരുള്ള ഗുജറാത്ത് 18.3 ഓവറിൽ 147 റൺസിലൊതുങ്ങി. ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ അവസാന ഐ.പി.എൽ മത്സരമായിരിക്കും ഇതെന്നാണ് സൂചന. ഒന്നും പറയാറായിട്ടില്ലെന്നും വിരമിക്കാനും അടുത്ത സീസണിൽ കളിക്കാനുമെല്ലാം സാധ്യതയുണ്ടെന്നും ധോണി പറഞ്ഞു. മുന്നിൽ സമയമേറെയുണ്ടെന്നും പിന്നീട് തീരുമാനിക്കുമെന്നും ധോണി പറഞ്ഞു.
14 കളികളും പൂർത്തിയാക്കിയ ഗുജറാത്ത് ഒമ്പത് ജയമടക്കം 18 പോയന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പ്ലേ ഓഫിലെ അവസാന നില വ്യക്തമാകണമെങ്കിൽ രണ്ട് ദിവസം കൂടി കാത്തിരിക്കണം. ചൊവ്വാഴ്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (17 പോയന്റ്) ലഖ്നോ സൂപ്പർ ജയന്റ്സിനെ തോൽപിച്ചാൽ ഗുജറാത്തിന് ആദ്യ രണ്ട് സ്ഥാനങ്ങളിലേതെങ്കിലും നിലനിർത്താനാകില്ല. 17 പോയന്റുള്ള പഞ്ചാബും 16 പോയന്റുള്ള മുംബൈയും ഏറ്റുമുട്ടുന്നതിൽ ജയിക്കുന്ന ടീം ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നിലെത്തി ക്വാളിഫയർ മത്സരത്തിന് യോഗ്യത നേടും. പ്ലേ ഓഫിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാളിഫയർ കളിക്കുക.
മൂന്നും നാലും സ്ഥാനക്കാർ എലിമിനേറ്റർ റൗണ്ടിലാണെത്തുക. 14 കളികളിൽ നാല് ജയവും പത്ത് തോൽവിയുമായാണ് മുൻ ജേതാക്കളായ ചെന്നൈയുടെ മടക്കം. ഗുജറാത്തിനെതിരെ ദക്ഷിണാഫ്രിക്കയുടെ രണ്ട് താരങ്ങളാണ് ബാറ്റിങ്ങിൽ തിളങ്ങിയത്. ഓപണറും സീനിയർ താരവുമായി ഡെവൺ കോൺവേ 35 പന്തിൽ 52ഉം യുവതാരം ഡേവാൾഡ് ബ്രെവിസ് 23 പന്തിൽ 57ഉം റൺസ് നേടി ചെന്നൈയുടെ ഇന്നിങ്സിന് കരുത്തേകി. ഇന്ത്യയുടെ അണ്ടർ 19 ടീം ക്യാപ്റ്റൻ ആയുഷ് മാത്രെ 17 പന്തിൽ 34 ഉം ഉർവി പട്ടേൽ 19 പന്തിൽ 37ഉം റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനുവേണ്ടി ഓപണർ സായ് സുദർശൻ പതിവ് ഫോം തുടർന്നു. 28 പന്തിൽ 41 റൺസാണ് സായ് സുദർശൻ നേടിയത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 13 റൺസിൽ മടങ്ങി. ഷാറൂഖ് ഖാൻ 19ഉം അർഷദ് ഖാൻ 20ഉം റൺസെടുത്തു. ജോസ് ബട്ട്ലർ അഞ്ച് റൺസിന് പുറത്തായി. ചെന്നൈ സൂപ്പർ കിങ്സിന്റെ നൂർ അഹമ്മദും അൻഷുൽ കാംബോജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

