റിങ്കു സിങ് വിവാഹിതനാകുന്നു; വധു സമാജ്‌വാദി പാർട്ടി എം.പി പ്രിയ സരോജ്
text_fieldsറിങ്കു സിങ്, പ്രിയ സരോജ്
ലഖ്നോ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാകുന്നു. സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശിലെ മഛ്ലിഷഹറിൽനിന്നുള്ള ലോക്സഭാംഗവുമായ പ്രിയ സരോജാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം അടുത്തിടെ കഴിഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്ന് തവണ എം.പിയും നിലവിൽ എം.എൽ.എയുമായ തുഫാനി സരോജിന്റെ മകളാണ് 25കാരിയായ പ്രിയ സോരോജ്. നിലവിലെ ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സിറ്റിങ് എംപിയായിരുന്ന ഭോലാനാഥിനെ 35,850 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് പ്രിയ സരോജ് ലോക്സഭയിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമായത്. അഭിഭാഷക കൂടിയായ പ്രിയ സരോജ് ജഡ്ജിയാവണമെന്ന മോഹം മാറ്റിവെച്ചാണ് പിതാവിന്‍റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. നേരത്തെ സുപ്രീംകോടതിയിൽ അഭിഭാഷകയായും പ്രിയ പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ ടി20 ടീമില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന റിങ്കു സിങ് 2023ലെ ഐ.പി.എല്ലില്‍ ഒരോവറില്‍ അഞ്ച് സിക്സ് അടക്കം 31 റണ്‍സടിച്ചതോടെയാണ് ശ്രദ്ധേയനായത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി ഇറങ്ങിയ റിങ്കു അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണ്ടിയിരിക്കെയാണ് അഞ്ച് സിക്സ് അടിച്ച് ടീമിന് അവിശ്വസനീയ ജയം സമ്മാനിച്ചത്.
55 ലക്ഷം രൂപക്ക് ടീമിലെത്തിയ റിങ്കുവിനെ ഇത്തവണ മെഗാ താരലേലത്തിന് മുമ്പ് 13 കോടി രൂപക്കാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കാര്യമായ അവസരം ലഭിക്കാതിരുന്ന റിങ്കു, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും ഇടം നേടിയിട്ടുണ്ട്. ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരനായ പിതാവ് റിങ്കു ഇന്ത്യൻ ടീമില്‍ എത്തിയശേഷവും തന്‍റെ പഴയ ജോലി തുടരുന്നത് പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

