കങ്കാരുവിനെതിരെ കറുത്ത കുതിരകൾ; ഇന്ന് അഫ്ഗാനിസ്താൻ ആസ്ട്രേലിയക്കെതിരെ
text_fieldsമുംബൈ: ലോകകിരീടം കൈവശമുള്ള മൂന്നു ടീമുകളെ അട്ടിമറിച്ച കരുത്തുമായി അഫ്ഗാനിസ്താൻ ചൊവ്വാഴ്ച മറ്റൊരു മുൻ ലോക ചാമ്പ്യന്മാർക്കെതിരെ. സെമിഫൈനലിന് തൊട്ടരികെ നിൽക്കുന്ന ആസ്ട്രേലിയയാണ് വാംഖഡെ സ്റ്റേഡിയത്തിൽ കറുത്ത കുതിരകളുടെ എതിരാളികൾ.
ഇന്ന് അഫ്ഗാനെ വീഴ്ത്താനായാൽ കങ്കാരുപ്പടക്ക് ബംഗ്ലാദേശിനെതിരായ കളി ബാക്കിയിരിക്കെതന്നെ അവസാന നാലിൽ സ്ഥാനമുറപ്പിക്കാം. 10 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഓസീസ്. എട്ടു പോയന്റുമായി അഞ്ചാം സ്ഥാനത്തു നിൽക്കുന്ന അഫ്ഗാന് സാധ്യതകൾ നിലനിർത്താൻ ജയം അനിവാര്യമാണ്.
ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലൻഡ് ടീമുകൾക്കെതിരെ തോറ്റ അഫ്ഗാൻ ഇംഗ്ലണ്ടിനെയും പാകിസ്താനെയും ശ്രീലങ്കയെയും തകർക്കുകയും നെതർലൻഡ്സിനെ അനായാസം മറികടക്കുകയും ചെയ്തു. അവസാന കളിയിൽ ദക്ഷിണാഫ്രിക്കയാണ് കാത്തിരിക്കുന്നത്.
ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ പരാജയങ്ങളോടെ തുടങ്ങിയ പാറ്റ് കമ്മിൻസിനും കൂട്ടർക്കും പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ശ്രീലങ്ക, പാകിസ്താൻ, നെതർലൻഡ്സ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നിവരെ തോൽപിച്ച് മൂന്നാം സ്ഥാനത്തേക്കു കയറി. ഫോമിലുള്ള ആസ്ട്രേലിയയെ തോൽപിക്കുകയെന്നത് അഫ്ഗാനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാവും.

