ഇംഗ്ലണ്ടിന് ചാമ്പ്യൻസ് ട്രോഫി ലക്ഷ്യം; പാക് വഴി എളുപ്പമല്ല
text_fieldsപാക്കിസ്താൻ ക്യാപ്റ്റൻ ബാബർ അഅ്സം പരിശീലനത്തിനിടെ കോച്ച് മിക്കി ആർതറുമായി
തമാശ പങ്കിടുന്നു
കൊൽക്കത്ത: ഈ മാസം 15ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഏകദിന ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയെ നേരിടുന്നതാരെന്നതിന് ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. ന്യൂസിലൻഡാണ് അവസാന നാലിലെ എതിരാളിയെങ്കിലും അത്യദ്ഭുതം സംഭവിച്ചാൽ പാകിസ്താന് സെമിയിലെത്താം.
എളുപ്പമല്ല കാര്യങ്ങൾ. ആദ്യം ബാറ്റ് ചെയ്ത് 287 റൺസിന് ജയിക്കണം. ഇല്ലെങ്കിൽ രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ 16 പന്തിൽ ലക്ഷ്യം കാണണം. ഇന്ന് ഈഡൻ ഗാർഡൻസിൽ അവസാന പ്രാഥമിക മത്സരത്തിൽ പാകിസ്താൻ ഇംഗ്ലണ്ടിനെയാണ് നേരിടുന്നത്. +0.743 ആണ് ന്യൂസിലൻഡിന്റെ നെറ്റ് റൺറേറ്റ്. ഒമ്പത് കളികളിൽനിന്ന് കിവികൾക്ക് പത്ത് പോയന്റാണുള്ളത്. ഇന്ന് ജയിച്ചാൽ പത്ത് പോയൻറ് നേടുമെങ്കിലും റൺറേറ്റിൽ ന്യൂസിലൻഡിനെ മറികടക്കുക എളുപ്പമല്ല.
നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് എട്ട് കളികളിൽ നാല് പോയന്റുമായി ഏഴാംസ്ഥാനത്താണ്. അടുത്ത ചാമ്പ്യൻസ് ട്രോഫിയിൽ അവസരം ലഭിക്കാനായി തോൽക്കാതെ മടങ്ങാനാകും ഇംഗ്ലീഷുകരുടെ ശ്രമം. ടൂർണമെന്റിൽ ആദ്യ രണ്ട് കളികൾ ജയിച്ച പാക്കിസ്താൻ പിന്നീട് തുടർച്ചയായി നാലെണ്ണത്തിൽ തോറ്റു.
ഒടുവിൽ ബംഗ്ലാദേശിനെയും ന്യൂസിലൻഡിനെയും തോൽപിച്ച് ടീം തിരിച്ചുവന്നു. ബാറ്റർമാരും ബൗളർമാരും പതിവ് ഫോമിലെത്താതിരുന്ന പാകിസ്താന് കഴിഞ്ഞ മത്സരങ്ങളിൽ ബാറ്റിങ്ങിൽ അൽപം ഉണർവുണ്ടായിരുന്നു. അഞ്ച് മത്സരങ്ങളിൽ പുറത്തിരുന്ന ഓപണർ ഫഖർ സമാൻ ന്യൂസിലൻഡിനെതിരെ തകർപ്പൻ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.
ലോകകപ്പിന് ശേഷം നിരവധി താരങ്ങളെ പുറത്താക്കാനൊരുങ്ങുന്ന മാനേജ്മെന്റിന് ഒരു വിജയം സമ്മാനിക്കുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ബെൻ സ്റ്റോക്സും ഡേവിഡ് മലാനും ഫോമിലായിരുന്നു.

