ഇസ്രായേൽ അനുകൂല പരാമർശം; ദക്ഷിണാഫ്രിക്കൻ അണ്ടർ -19 ക്രിക്കറ്റ് ടീം നായകനെ മാറ്റി
text_fieldsകേപ്ടൗൺ: ഇസ്രായേൽ അനുകൂല പരാമർശം നടത്തിയതിന് ഡേവിഡ് ടീഗെറിനെ ദക്ഷിണാഫ്രിക്കൻ അണ്ടർ-19 ക്രിക്കറ്റ് ടീം നായകസ്ഥാനത്തുനിന്ന് മാറ്റി.
അടുത്തയാഴ്ച രാജ്യം അണ്ടർ -19 ലോകകപ്പിന് വേദിയാകാനിരിക്കെയാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് കടുത്ത നടപടിയെടുത്തത്. ഫലസ്തീൻ അധിനിവേശത്തിൽ ഇസ്രായേൽ സൈനികരെ പിന്തുണക്കുന്നതരത്തിൽ കഴിഞ്ഞവർഷം യുവതാരം പരാമർശം നടത്തിയിരുന്നു. അതേസമയം, താരത്തെ ലോകകപ്പ് സ്ക്വാഡിൽനിന്ന് ഒഴിവാക്കിയിട്ടില്ല.
നായക സ്ഥാനത്തുനിന്ന് മാറ്റിനിർത്തുക മാത്രമാണ് ചെയ്തത്. ടീമിലെ താരങ്ങളുടെയും അണ്ടർ -19 ടീമിന്‍റെയും ഡേവിഡിന്‍റെ തന്നെയും നല്ലതിനുവേണ്ടിയാണ് തീരുമാനമെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക പത്രക്കുറിപ്പിൽ അറിയിച്ചു. ഡേവിഡ് ടീമിന്‍റെ നായകനായി തുടരുന്നത് സ്റ്റേഡിയത്തിൽ ഉൾപ്പടെ വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലിലാണ് നടപടി.
ഗസ്സയിൽ ഇസ്രായേൽ തുടരുന്നത് വംശഹത്യയാണെന്ന ദക്ഷിണാഫ്രിക്കയുടെ ഹരജി ഐക്യരാഷ്ട്രസഭക്ക് കീഴിലെ ഹേഗ് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) പരിഗണിക്കുകയാണ്. നേരത്തേ ആസൂത്രണംചെയ്ത് നിശ്ചയിച്ചുറപ്പിച്ച വംശഹത്യയാണ് ഗസ്സയിൽ നടക്കുന്നതെന്നാണ് ദക്ഷിണാഫ്രിക്ക കോടതിയിൽ ചൂണ്ടിക്കാട്ടിയത്.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ്, പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവരുടെ പ്രസ്താവനകളും വംശഹത്യക്ക് തെളിവായി കോടതിയിൽ ചൂണ്ടിക്കാട്ടി. കോടതിക്ക് പുറത്ത് ആയിരങ്ങൾ ഇസ്രായേൽ അതിക്രമത്തിനെതിരെ പ്രതിഷേധവുമായെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

