ചേട്ടന് പിന്നാലെ അനിയനും; 19 ഫോറും 6 സിക്സറും; 10-ാം വയസ്സിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി ആശിർവാദ് സൂര്യവംശി
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ വൻ വാർത്താപ്രാധാന്യം നേടിയ യുവതാരം വൈഭവ് സൂര്യവംശിയുടെ കുടുംബത്തിൽ നിന്നും മറ്റൊരു വിസ്മയം കൂടി ഉദയം ചെയ്യുന്നു. വൈഭവിൻ്റെ പത്തു വയസ്സുകാരനായ അനിയൻ ആശിർവാദ് സൂര്യവംശിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു തകർപ്പൻ സെഞ്ച്വറി നേടിയിരിക്കുന്നത്. ഒരു പ്രാക്ടീസ് മത്സരത്തിൽ വെറും 119 പന്തുകളിൽ നിന്ന് 168 റൺസാണ് ഈ കൊച്ചുതാരം അടിച്ചുകൂട്ടിയത്.
ഋഷഭ് ഇലവന് വേണ്ടി പാഡണിഞ്ഞ ആശിർവാദിന്‍റെ ഇന്നിങ്സ് 19 ഫോറുകളും 6 സിക്സറുകളും അടങ്ങുന്നതായിരുന്നു. 141.18 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ താരം, പ്രായത്തെ വെല്ലുന്ന ആത്മവിശ്വാസത്തോടെയാണ് മൈതാനത്ത് നിറഞ്ഞാടിയത്. കേവലം ആറ് മാസം മുൻപ് മാത്രം ഔദ്യോഗികമായി ക്രിക്കറ്റ് പരിശീലനം തുടങ്ങിയ ഒരു കുട്ടിയിൽ നിന്നാണ് ഈ അവിശ്വസനീയ പ്രകടനം എന്നതും ശ്രദ്ധേയമാണ്.
ചെറിയ പ്രായത്തിൽ തന്നെ ആശിർവാദ് നേടുന്ന രണ്ടാമത്തെ വലിയ സ്കോറാണിത്. മുൻപ് ക്രിക്കറ്റ് അക്കാദമി താജ്പൂരിന് വേണ്ടി കളിച്ച അരങ്ങേറ്റ മത്സരത്തിൽ 87 പന്തിൽ 103 റൺസ് നേടി താരം വരവറിയിച്ചിരുന്നു. 20 ഫോറുകളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു ആ ഇന്നിങ്സ്. നിലവിൽ ഇന്ത്യൻ ടീമിനൊപ്പം അയർലൻഡിൽ ടി20 പരമ്പര കളിക്കുന്ന ചേട്ടൻ വൈഭവ് സൂര്യവംശി, ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അനിയൻ്റെ ഈ വലിയ നേട്ടം പങ്കുവെച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.
ചേട്ടനുമായി താരതമ്യങ്ങൾ സ്വാഭാവികമാണെങ്കിലും ഇരുവരുടെയും കളിശൈലി തികച്ചും വ്യത്യസ്തമാണ്. വൈഭവ് ഇടംകൈയ്യൻ ബാറ്ററും സ്പിന്നറുമാണെങ്കിൽ, ആശിർവാദ് വലംകൈയ്യൻ ബാറ്ററും റൈറ്റ് ആം മീഡിയം പേസറുമാണ്. ഒരു മികച്ച ഓൾറൗണ്ടറായി വളരാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഈ പത്തുവയസ്സുകാരൻ വ്യക്തമാക്കുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രാദേശിക ക്രിക്കറ്റ് സർക്കിളുകളിൽ വലിയ തരംഗം സൃഷ്ടിക്കാൻ ആശിർവാദിന് സാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

