ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക്; 128 വർഷത്തിനു ശേഷം വിശ്വമേളയിലേക്ക് തിരിച്ചുവരവ്; ഇന്ത്യക്ക് ഇനി മെഡലുറപ്പിക്കാം
text_fieldsന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെ ക്രിക്കറ്റിന് വേരോട്ടമുള്ള രാജ്യങ്ങളിലെ ആരാധകർക്ക് സന്തോഷവാർത്തയുമായി രാജ്യാന്തര ഒളിമ്പിക് കൗൺസിലും ഐ.സി.സിയും. 2028ലെ ലോസാഞ്ചലസ് ഒളിമ്പിക്സിൽ മെഡൽ ഇനമായി ക്രിക്കറ്റിനെയും ഉൾപ്പെടുത്താൻ തീരുമാനം. 1900ലെ രണ്ടാമത് ഒളിമ്പിക്സിനു ശേഷം, ആദ്യമായി വിശ്വമേളയുടെ കളിക്കളത്തിലേക്ക് ഒളിമ്പിക്സിന്റെ തിരിച്ചുവരവിനാവും ലോസാഞ്ചലസ് വേദിയൊരുക്കുന്നത്.
കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന ഐ.സി.സി ബോർഡ് യോഗത്തിൽ ഒളിമ്പിക്സ് ക്രിക്കറ്റിന്റെ രൂപരേഖക്ക് അംഗീകാരം നൽകി. ആറ് ടീമുകൾ വീതം പങ്കെടുക്കുന്ന പുരുഷ, വനിതാ ട്വൻറി20 മത്സരമാകും നടക്കുന്നത്. 1900 പാരീസ് ഒളിമ്പിക്സിലായിരുന്നു ക്രിക്കറ്റ്, ആദ്യവും അവസാനവുമായി ഉൾപ്പെടുത്തിയത്.
ആറ് ടീമുകളെ എങ്ങനെ തെരഞ്ഞെടുക്കണമെന്നത് സംബന്ധിച്ച് ഐ.സി.സി തീരുമാനിക്കും. ഓരോ മേഖല- വൻകരകളിലെ മികച്ച ടീമുകളാവും മത്സരിക്കുന്നത്. അഞ്ചു ടീമുകൾ ഇങ്ങനെ എത്തുമ്പോൾ, ആറാമത്തെ ടീമിനെ ഗ്ലോബൽ ക്വാളിഫയറിലൂടെ തെരഞ്ഞെടുക്കും. വൈകാതെ തന്നെ അന്തിമ തീരുമാനമെടുക്കമെന്ന് ഐ.സി.സി അറിയിച്ചു.
നിലവിലെ റാങ്കിന്റെ അടിസ്ഥാനത്തിലാണെങ്കിൽ ഏഷ്യയിൽ നിന്നും ഇന്ത്യ, ഓഷ്യാനിയയിൽ നിന്നും ആസ്ട്രേലിയ, യൂറോപ്പിൽ നിന്നും ഇംഗ്ലണ്ട്, ആഫ്രിക്കയിൽ നിന്നും ദക്ഷിണാഫ്രിക്ക എന്നിവർക്ക് നേരിട്ട് യോഗ്യത നേടാം. അമേരിക്ക ആതിഥേയരെന്ന നിലയിൽ പരിഗണക്കപ്പെടും. ഗ്ലോബൽ ക്വാളിഫയറിലൂടെ ആറാം ടീമിനെ തെരഞ്ഞെടുക്കും. ഇത് എങ്ങിനെയെന്ന് ഐ.സി.സി തീരുമാനിക്കും. പുരുഷ, വനിതാ വിഭഗത്തിൽ 28 മത്സരങ്ങൾ അടങ്ങിയതാവും ടൂർമെന്റ്. 2028 ജൂലായ് 12 മുതൽ 29 വരെയാവും മത്സരങ്ങൾ. പുരുഷ വിഭാഗം മെഡൽ മത്സരം ജൂലായ് 29നും, വനിതാ വിഭാഗം മെഡൽ മത്സരം ജൂലായ് 20നും നടക്കും.
ഒളിമ്പിക്സിന് മുമ്പായി ഏഷ്യൻ ഗെയിംസ്, ആഫ്രിക്കൻ ഗെയിംസ്, പാൻ അമേരിക്ക ഗെയിംസ് മേളകളിലും ക്രിക്കറ്റ് അരങ്ങേറും.
ഒളിമ്പിക്സ് മത്സര വേദിയിലേക്ക് ക്രിക്കറ്റിന്റെ മടങ്ങി വരവ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഇന്ത്യൻ ആരാധകരും തമ്മിലെ ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് ഐ.ഒ.സി പ്രസിഡന്റ് ക്രിസ്റ്റി കോവെൻട്രി പറഞ്ഞു.
ആഗോള തലത്തിൽ തന്നെ ക്രിക്കറ്റിന്റെ പ്രചാരണത്തിനും ഇത് വഴിവെക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

