കാര്യവട്ടത്ത് ഇന്ന് ക്രിക്കറ്റ് പൂരം; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യൻ വനിതകൾ, തിരിച്ചുവരാൻ ശ്രീലങ്ക
text_fieldsതിരുവനന്തപുരം: കേരളത്തിലെ കായികപ്രേമികൾ കാത്തിരുന്ന ആവേശപ്പോരാട്ടത്തിന് വെള്ളിയാഴ്ച തലസ്ഥാന നഗരി സാക്ഷ്യം വഹിക്കും. ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരമാണ് കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്.
വൈകീട്ട് ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയിലെ നാല്, അഞ്ച് മത്സരങ്ങൾക്കും വേദിയാകുന്നത് കാര്യവട്ടമാണ്. ഈമാസം 28, 30 തീയതികളിലാണ് മത്സരങ്ങൾ. സംസ്ഥാനത്ത് ആദ്യമായി ഒരു അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരം നടക്കുന്നു എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്താണ് നടന്നത്. രണ്ടിലും ജയിച്ച ഹർമൻപ്രീത് കൗറും സംഘവും നിലവിൽ 2-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം കൂടി ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.
ഹർമൻപ്രീതിനൊപ്പം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഷഫാലി വർമ എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. മധ്യനിരയിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി റിച്ച ഘോഷും പ്രതീക്ഷ നൽകുന്നു. സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പറായി റിച്ച തന്നെയാകും കളത്തിലിറങ്ങുക. ഓൾറൗണ്ടർ ദീപ്തി ശർമയുടെ അഭാവത്തിലും സ്നേഹ് റാണ, അരുന്ധതി റെഡ്ഢി, അമൻജോത് കൗർ എന്നിവരടങ്ങുന്ന ബൗളിങ് നിര ഇന്ത്യക്ക് കരുത്തേകുന്നു.
മറുഭാഗത്ത്, ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ശ്രീലങ്കക്ക് ഇന്ന് ജീവൻമരണ പോരാട്ടമാണ്. ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടു, ഹർഷിത സമരവിക്രമ, ഇനോക രണവീര എന്നിവരുടെ പ്രകടനമാകും ലങ്കക്ക് നിർണായകമാവുക. മധ്യനിര ബാറ്റിങ്ങിലെ പതർച്ചയാണ് ലങ്കൻ ടീമിനെ നിലവിൽ വലക്കുന്നത്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് കേരളത്തിലെ കായിക ലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

