ഒന്നാം വിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി കൂട്ടുകെട്ടൊരുക്കി ലാഥം -കോൺവെ സഖ്യം; വിൻഡീസിനെതിരെ കിവീസ് ശക്തമായ നിലയിൽ
text_fieldsടോം ലാഥവും ഡെവൺ കോൺവെയും ബാറ്റിങ്ങിനിടെ
മൗണ്ട് മൗൻഗനൂയി: മൂന്നാം ടെസ്റ്റ് പിടിച്ച് പരമ്പര സമനിലയിലാക്കാനുള്ള വിൻഡീസ് സ്വപ്നങ്ങളെ തല്ലിക്കെടുത്തി കിവീസ് ഓപണർമാർ. സെഞ്ച്വറികളുമയി കളംനിറഞ്ഞ ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാഥവും ഡെവൺ കോൺവെയും ചേർന്ന് ഒന്നാം വിക്കറ്റിൽ 323 റൺസാണ് അടിച്ചുകൂട്ടിയത്. ഓപണിങ് വിക്കറ്റിൽ കിവീസിന്‍റെ ഏറ്റവുമുയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്. സ്വന്തം നാട്ടിലെ ഏറ്റവും വലുതും. ആദ്യദിനം കളിനിർത്തുമ്പോൾ ഒരുവിക്കറ്റ് നഷ്ടത്തിൽ 334 റൺസെന്ന ശക്തമായ നിലയിലാണ് ആതിഥേയർ. 137 റൺസെടുത്ത ലാഥമാണ് പുറത്തായത്. കോൺവേയും (178*) ജേക്കബ് ഡഫിയുമാണ് (9*) ക്രീസിൽ.
ഹോം ഗ്രൗണ്ടിൽ ടോസ് നേടിയാൽ ഫീൽഡിങ് തെരഞ്ഞെടുക്കുകയെന്ന പതിവ് രീതിക്ക് വിരുദ്ധമായ തീരുമാനമാണ് ബേ ഓവലിൽ ടോം ലാഥം സ്വീകരിച്ചത്. പതിയെ കളിച്ചുതുടങ്ങിയ ഓപണർമാർ ശ്രദ്ധയോടെയാണ് ഇന്നിങ്സ് മുന്നോട്ടു നീക്കിയത്. ഒന്നാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 83 റൺസ് മാത്രമാണ് കിവീസ് സ്കോർ ബോർഡിൽ പിറന്നത്. 30.5 ഓവറിൽ സ്കോർ മൂന്നക്കം പിന്നിട്ടു. ടീ ബ്രേക്കിന് മുമ്പ് കോൺവേ 147 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കി. ഇടവേളക്കു ശേഷം മടങ്ങിയെത്തി ലാഥവും ശതകം കണ്ടെത്തി. 183 പന്തിലാണ് ന്യൂസിലൻഡ് നായകൻ ടെസ്റ്റ് കരിയറിലെ 15-ാം സെഞ്ച്വറി കുറിച്ചത്.
അവസാന സെഷനിൽ, 80-ാം ഓവറിലാണ് പാർട്നർഷിപ് 300 കടന്നത്. സ്റ്റമ്പെടുക്കാൻ ഏതാനും പന്തുകൾ മാത്രം അവശേഷിക്കെയാണ് ലാഥം പുറത്തായത്. 246 പന്തുകൾ നേരിട്ട് 15 ഫോറും ഒരു സിക്സുമുൾപ്പെടെ 137 റൺസെടുത്ത താരത്തെ കെമർ റോച്ച്, റോസ്റ്റൻ ചേസിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. ഇതിനകം 25 ബൗണ്ടറികളുടെ അകമ്പടിയിൽ 178 റൺസ് നേടിയ കോൺവേ ഒരറ്റത്ത് നങ്കൂരമിട്ടിരിക്കുകയാണ്. കെയ്ൻ വില്യംസൻ, രചിൻ രവീന്ദ്ര, ഡാരി മിച്ചൽ ഉൾപ്പെടെ വമ്പൻ താരങ്ങൾ ഇറങ്ങാനിരിക്കെ രണ്ടാംദിനം കൂറ്റൻ സ്കോർ ലക്ഷ്യമിട്ടാകും ആതിഥേയർ ബാറ്റിങ്ങിനിറങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

