കോഹ്ലിക്ക് എന്തും നേടാനാകും! സൂപ്പർ ബാറ്ററെ കുറിച്ച് വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം
text_fieldsലോക ക്രിക്കറ്റിൽ ഇന്ത്യയുടെ സൂപ്പർബാറ്റർ വിരാട് കോഹ്ലിക്ക് എന്തും നേടാനാകുമെന്ന് മുൻ വെസ്റ്റിൻഡീസ് നായകൻ ക്ലൈവ് ലോയ്ഡ്. സചിൻ ടെണ്ടുൽക്കറിന്‍റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ 100 സെഞ്ച്വറികളെന്ന റെക്കോഡ് താരം മറികടക്കുമെന്നും ലോയ്ഡ് പറഞ്ഞു.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായാണ് കോഹ്ലിയെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ലോകകപ്പിലാണ് സചിനെ മറികടന്ന് ഏകദിനത്തിൽ 50 സെഞ്ച്വറികളെന്ന റെക്കോഡ് താരം സ്വന്തമാക്കിയത്. ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിലാണ് നേട്ടം കൈവരിച്ചത്. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലുമായി 80 സെഞ്ച്വറികളാണ് കോഹ്ലിയുടെ പേരിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറികൾ പൂർത്തിയാക്കിയ ഒരോയൊരു താരമാണ് സചിൻ.
‘എനിക്ക് ഈ കാലഘട്ടത്തെക്കുറിച്ച് അറിയില്ല, പക്ഷേ അവൻ ഇപ്പോഴും ചെറുപ്പമാണ്, കോഹ്ലി കളിക്കുന്ന രീതി നോക്കുമ്പോൾ ആഗ്രഹിക്കുന്ന എന്തും നേടാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, അത് നേടുന്നത് സന്തോഷമുള്ള കാര്യമായിരിക്കും’ -വിൻഡീസിന് ലോകകപ്പ് നേടിക്കൊടുത്ത ലോയ്ഡ് പറഞ്ഞു. ടീമുകൾ കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കണമെന്ന ആഗ്രഹവും താരം പ്രകടിപ്പിച്ചു.
ടെസ്റ്റ് മത്സരങ്ങളാണ് യഥാർഥ പരീക്ഷണങ്ങൾ. ട്വന്‍റി20 ക്രിക്കറ്റ് വെറുമൊരു പ്രദർശന മത്സരം മാത്രമാണ്. അതുകൊണ്ടു തന്നെ രണ്ടു ടെസ്റ്റ് മത്സരങ്ങൾക്കു പകരം അഞ്ചു ടെസ്റ്റുകളെങ്കിലും കളിക്കണമെന്നും ലോയ്ഡ് കൂട്ടിച്ചേർത്തു. അടുത്തിടെ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിൽ രണ്ടു മത്സരങ്ങൾ മാത്രമാക്കിയത് മുൻ ക്രിക്കറ്റ് താരങ്ങളുടെയും ആരാധകരുടെയും വിമർശനത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

