സി.കെ. നായിഡു ട്രോഫി; ഝാർഖണ്ഡ് 274ന് പുറത്ത്
text_fieldsതിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായുഡു ട്രോഫിയിൽ ഝാർഖണ്ഡിന്റെ ആദ്യ ഇന്നിങ്സ് 274ൽ ഒതുക്കി കേരളം. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ അഞ്ച് റൺസെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെ എസ് അനുരാജിന്റെ പ്രകടനമാണ് കേരളത്തിന് മുതൽക്കൂട്ടായത്. മറുവശത്ത് 171 റൺസെടുത്ത ഓപണർ ശിഖർ മോഹനാണ് ഝാർഖണ്ഡ് ബാറ്റിങ് നിരയിൽ തിളങ്ങിയത്.
ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഝാർഖണ്ഡിന് ഓപണർമാർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ശിഖർ മോഹനും ശരൺദീപ് സിങ്ങും ചേർന്ന് ആദ്യ വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 20 റൺസെടുത്ത ശരൺദീപിനെ പുറത്താക്കി അനുരാജാണ് ഝാർഖണ്ഡ് ബാറ്റിങ് നിരയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. തന്റെ തൊട്ടടുത്ത ഓവറിൽ അനുരാജ് തന്നെ ബിശേഷ് ദത്തയെയും പുറത്താക്കി.
തുടർന്നെത്തിയ ബാറ്റർമാർക്കും പിടിച്ചു നിൽക്കാനായില്ല. അനുരാജും കൈലാസ് ബി. നായരും ഷോൺ റോജറും ചേർന്ന ബൗളിങ് സഖ്യം ഝാർഖണ്ഡ് ബാറ്റിങ്ങിന്റെ നടുവൊടിച്ചു. ഇതോടെ ഒരു ഘട്ടത്തിൽ ആറ് വിക്കറ്റിന് 117 റൺസെന്ന നിലയിലായിരുന്നു ഝാർഖണ്ഡ്.
എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന ശിഖർ മോഹൻ വാലറ്റക്കാർക്കൊപ്പം നടത്തിയ ചെറുത്തുനിൽപ്പാണ് ഝാർഖണ്ഡിന്റെ സ്കോർ 274ൽ എത്തിച്ചത്. എട്ടാം വിക്കറ്റിൽ തനീഷിനൊപ്പം 108 റൺസാണ് ശിഖർ കൂട്ടിച്ചേർത്തത്. 31 റൺസെടുത്ത തനീഷിനെ പുറത്താക്കി അനുരാജാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. 171 റൺസെടുത്ത ശിഖറിനെ പുറത്താക്കി അനുരാജ് തന്റെ അഞ്ച് വിക്കറ്റ് നേട്ടം തികച്ചു.
251 പന്തുകളിൽ 17 ബൗണ്ടറികളും നാല് സിക്സും അടങ്ങുന്നതായിരുന്നു ശിഖറിന്റെ ഇന്നിങ്സ്. കേരളത്തിന് വേണ്ടി കൈലാസ് ബി. നായർ മൂന്നും ഷോൺ റോജർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വേണ്ടി അഭിഷേക് ജെ. നായരും അക്ഷയ് എസ്. എസും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. കളി നിർത്തുമ്പോൾ ഒരു റണ്ണോടെ അക്ഷയും നാല് റൺസോടെ അഭിഷേകും ക്രീസിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

