ഗെയ്ൽ ആരാധകരെ രസിപ്പിച്ചുതുടങ്ങി; ബാറ്റുകൊണ്ടല്ല, ദെലേർ മെഹന്ദി ഗാനത്തിന് ചുവടുവെച്ച്
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്‍റെ ബാറ്റിങ് വെടിക്കെട്ട് കൊണ്ട് ആരാധകരെ രസിപ്പിക്കുന്ന താരമാണ് പഞ്ചാബ് കിങ്സിന്റെ ക്രിസ് ഗെയ്ൽ. കഴിഞ്ഞ സീസണിൽ പാതി വരെ കരക്കിരുത്തിയ ഗെയിലിന് ടീമിലിടം നൽകിയതോടെ ടീമിന്‍റെ തലവര തന്നെ മാറിയിരുന്നു.
ഇക്കുറിയും പഞ്ചാബ് കിങ്സ് ജഴ്സിയിൽ തിളങ്ങാൻ ഉറച്ച് തന്നെയാണ് 'യൂനിവേഴ്സൽ ബോസ്' ഇന്ത്യയിലെത്തിയത്. എന്നാൽ ടൂർണമെന്‍റിൽ ടീം കളത്തിലിറങ്ങും മുമ്പ് ആരാധകരെ രസിപ്പിക്കുകയാണ് ഗെയ്ൽ. പഞ്ചാബി ഗായകൻ ദെലേർ മെഹന്ദിയുടെ ഹിറ്റ് ഗാനത്തിന് ചുവടുവെക്കുന്ന ഗെയ്ലിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ.
പഞ്ചാബ് കിങ്സ് തങ്ങളുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ച വിഡിയോയിൽ വടക്കേ ഇന്ത്യയിലെ പരമ്പരാഗത വാദ്യോപകരണമായ 'ഡോൽ' കൊട്ടിയാണ് തുടങ്ങുന്നത്. പശ്ചാത്തലത്തിൽ ദലേർ മെഹന്തിയുടെ 'ടുനക് ടുനക്' ഗാനമുണ്ട്. വിഡിയോ പുരോഗമിക്കുന്നതോടെ ഡോലുമായി കിടിലൻ സ്റ്റെപ്പിടുകയാണ് ഗെയ്ൽ.
ഇതിനോടകം 55000ത്തിലധികം കാഴ്ചക്കാർ വിഡിയോക്ക് ലഭിച്ചുകഴിഞ്ഞു. വിഡിയോ കണ്ട കാഴ്ചക്കാർ ഗെയ്ൽ യൂനിവേഴ്സൽ ബോസ് മാത്രമല്ല എന്റർടെയ്ൻമെന്റ് ബോസ് കൂടിയാണെന്ന് അഭിപ്രായപ്പെടുന്നു. തിങ്കളാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണ് പഞ്ചാബിന്‍റെ ആദ്യ മത്സരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

