ഋതുരാജിന് പകരമെത്തുന്നത് ഒരു 17 കാരൻ! പൃഥ്വി ഷാക്ക് രക്ഷയില്ല
text_fieldsഐ.പി.എല്ലിൽ പരിക്കേറ്റ ചെന്നൈ സൂപ്പർ കിങ്സ് നായകൻ ഋതുരാജ് ഗെയ്ക്വാദിന് പകരം 17 വയസ്സുള്ള മുംബൈ താരം ആയുഷ് മാത്രെയെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്സ് തീരുമാനിച്ചതായി റിപ്പോർട്ട്. താരം ഏതാനും ദിവസങ്ങൾക്കുള്ളിൽ ടീമിനൊപ്പം ചേരുമെന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ ഐ.പി.എൽ മെഗാലേലത്തിൽ അൺസോൾഡായ പൃഥ്വി ഷായെ ഗെയ്ക്വാദിന് പകരം സി.എസ്കെ ടീമിലെത്തിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ട് പ്രകാരം സി.എസ്.കെ ഗെയ്ക്വാദിന് പകരം ഈ 17 കാരനെയാണ് ടീമിലെത്തിക്കുന്നത്. "അതെ, ഋതുരാജ് ഗെയ്ക്ക്‌വാദിന് പകരക്കാരനായി ആയുഷ് മാത്രെയെ ടീമിലെത്തിക്കാൻ സമീപിച്ചിട്ടുണ്ട്. അദ്ദേഹത്തോട് ടീമുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 20 ന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അദ്ദേഹം സെലക്ഷന് ലഭ്യമാകും," വൃത്തങ്ങൾ സ്ഥിരീകരിച്ചു.
17 വയസ്സുകാരനായ മാത്രെ മുംബൈ ക്രിക്കറ്റിൽ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഒമ്പത് ഫസ്റ്റ്-ക്ലാസ് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികളും ഒരു അർധസെഞ്ച്വറിയും ഉൾപ്പെടെ 504 റൺസ് മാത്രെ ഇതിനോടകം നേടികഴിഞ്ഞു. ഏഴ് ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികളോടെ 458 റൺസും കുട്ടിത്താരം സ്വന്തമാക്കി. കഴിഞ്ഞ ഒക്ടോബറിലാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഭാവിയിൽ താരം ഇന്ത്യൻ ടീമിൽ കളിക്കുമെന്നും ക്രിക്കറ്റ് നിരീക്ഷകർ പറയുന്നു.
ഈ സീസണിൽ ആറ് മത്സരത്തിൽ അഞ്ചെണ്ണം തോറ്റാണ് സി.എസ്.കെ മുന്നോട്ട് നീങ്ങുന്നത്.മുംബൈ ഇന്ത്യൻസിനെതിരെ ആദ്യ മത്സരത്തിൽ മാത്രം ജയിച്ച സി.എസ്.കെ പിന്നീട് കളിച്ച എല്ലാ മത്സരത്തിലും തോറ്റു. സ്വന്തം തട്ടകമായ ചെപ്പോക്കിലും എവേ മത്സരങ്ങളിലും സി.എസ്.കെക്ക് ഒരു രക്ഷയുമില്ല. ലഖ്നൊ സൂപ്പർ ജയന്‍റ്സിനെതിരെ അവരുടെ തട്ടകത്തിൽ ഇന്നാണ് സി.എസ്.കെയുടെ അടുത്ത മത്സരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.