Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമച്ചാന്മാർക്ക് തലവേദന!...

മച്ചാന്മാർക്ക് തലവേദന! ബാറ്റിങ്ങിൽ ക്ലിക്കാവാതെ സഞ്ജു; മാറ്റമില്ലാതെ സി.എസ്.കെ

text_fields
bookmark_border
Sanju Samson
cancel

ചെന്നൈ: ഐ.പി.എൽ 19ാം സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ചെന്നൈ സൂപ്പർ കിങ്സ് തോൽവിയേറ്റുവാങ്ങിയപ്പോൾ ഋതുരാജ് ഗെയ്ക്‌വാദിന്റെ നായകപദവിയും പ്രതിസന്ധിയിൽ. മഹേന്ദ്ര സിങ് ധോണിയുടെ പിൻഗാമിയായി സി.എസ്.കെയെ നയിക്കുന്ന ഗെയ്ക്‌വാദിന് കീഴിൽ ടീം അത്ര മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആകെ 22 മത്സരങ്ങളിൽ അദ്ദേഹം ടീമിനെ നയിച്ചപ്പോൾ 14ലും തോറ്റു. കഴിഞ്ഞ രണ്ട് സീസണുകളിലും പ്ലേ ഓഫിൽ കടക്കാതെ പുറത്തായ ചെന്നൈ മച്ചാൻസ് ഇക്കുറിയം സമാനപാതയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

ഇക്കുറി രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്സ്, റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ടീമുകൾക്കെതിരെ വലിയ തോൽവികൾ ഏറ്റുവാങ്ങിയ സി.എസ്.കെ പോയന്റ് പട്ടികയിലെ അവസാന സ്ഥാനമായ പത്തിൽ തുടരുകയാണ്. കഴിഞ്ഞ വർഷവും ഇതേ സ്ഥിതിയായിരുന്നു. 2024ൽ നായകപദവിയിലെത്തിയ ഗെയ്ക്‌വാദിന് കീഴിൽ 14ൽ ഏഴ് മത്സരങ്ങളിൽ ജയിച്ചു സി.എസ്.കെ. നേരിയ വ്യത്യാസത്തിലാണ് പ്ലേ ഓഫ് നഷ്ടമായത്. എങ്കിലും 583 റൺസുമായി വ്യക്തിഗത പ്രകടനത്തിൽ മികച്ചുനിന്നു താരം. 2025ൽ അഞ്ച് മത്സരങ്ങൾ കളിച്ചശേഷം പരിക്കുകാരണം ടീമിൽനിന്ന് തന്നെ പുറത്തായി ഗെയ്ക്‌വാദ്. ധോണിയാണ് തുടർന്നുള്ള മത്സരങ്ങളിൽ ചുമതല വഹിച്ചത്. നാല് മത്സരങ്ങൾ മാത്രമേ കഴിഞ്ഞ സീസണിൽ ജയിക്കാനായുള്ളൂ. ഇക്കുറി മൂന്ന് മത്സരങ്ങളിലും ബാറ്റുകൊണ്ട് കാര്യമായ സംഭാവനയർപ്പിക്കാൻ ഓപണർക്കായിട്ടില്ല.

തോൽവികളിൽ പതറാതെ കളിക്കാരെയും നായകനെയും പിന്തുണക്കുന്നതാണ് സി.എസ്‌.കെയുടെ രീതി. പെട്ടെന്നുള്ള മാറ്റങ്ങൾ മാനേജ്മെന്റ് പ്രോത്സാഹിപ്പിക്കാറില്ല. ഗെയ്‌ക്‌വാദിനെ ദീർഘകാലത്തേക്ക് വളർത്തിയെടുക്കുക തന്നെയാണ് ലക്ഷ്യം. പരിക്ക് കാരണം കളത്തിൽ ഇല്ലെങ്കിലും ടീമിന്റെ തന്ത്രങ്ങളിൽ ധോണിയുടെ സാന്നിധ്യം ഇപ്പോഴുമുണ്ട്. ഇത് ടീമിന് തിരിച്ചുവരാൻ സഹായിക്കുമെന്ന് അവർ വിശ്വസിക്കുന്നു. അതേസമയം, സഞ്ജു സാംസൺ സി.എസ്.കെയിലുള്ളത് ഗെയ്‌ക്‌വാദിന്റെ ക്യാപ്റ്റൻസിക്ക് ശക്തമായ ഭീഷണി തന്നെയാണ്. സഞ്ജുവിന് നായകനെന്ന നിലയിൽ പരിചയസമ്പത്തും വ്യക്തമായ തന്ത്രങ്ങളുമുണ്ട്. ധോണി വിരമിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ ഒരു മാറ്റത്തെക്കുറിച്ച് സി.എസ്.കെ മാനേജ്മെന്റ് ചിന്തിച്ചാലും അദ്ഭുതപ്പെടാനില്ല.

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ഹീറോ സഞ്ജു സാംസൺ ഐ.പി.എല്ലിൽ ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്നതും ചെന്നൈക്ക് തിരിച്ചടിയാകുകയാണ്. തുടർച്ചയായ മൂന്നാം മത്സരത്തിലും ഒറ്റ അക്കത്തിൽ കൂടാരം കയറി മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ. ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിലേക്ക് മാറിയ സഞ്ജു രാജസ്ഥാൻ റോയൽസിനെതിരെ ആറും പഞ്ചാബ് കിങ്സിനെതിരെ ഏഴും റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ഒമ്പതും റൺസാണ് ഓപണറായിറങ്ങി നേടിയത്. ഏപ്രിൽ 11ന് ഡൽഹി കാപിറ്റൽസിനെതിരെയാണ് സി.എസ്.കെയുടെ അടുത്ത മത്സരം.

വിമർശനവുമായി അശ്വിൻ

ചെന്നൈ: ഐ.പി.എല്ലിന്റെ പുതിയ സീസണിൽ പതറുന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുൻ താരം ആർ. അശ്വിൻ. കഴിഞ്ഞ സീസണിൽ ചെന്നൈയിൽ കളിച്ച് വിരമിക്കാൻ തീരുമാനിച്ചത് തനിക്ക് വലിയ വേദനയുണ്ടാക്കിയ കാര്യമാണെന്ന് അശ്വിൻ പറഞ്ഞു. ‘മാനസികമായി ഞാൻ വലിയ പ്രയാസത്തിലായിരുന്നു. ഇനിയും കളിക്കാൻ എനിക്ക് സാധിക്കുമായിരുന്നു, പക്ഷേ അതിനുള്ള ഊർജം എനിക്കില്ലായിരുന്നു. ചെന്നൈയിൽ തുടങ്ങി ചെന്നൈയിൽതന്നെ അവസാനിപ്പിക്കാം എന്ന് ഞാൻ കരുതി. എന്നെ നിലനിർത്തണോ അതോ ഒഴിവാക്കണോ എന്ന കാര്യത്തിൽ മാനേജ്‌മെന്റിന് തലവേദന ഉണ്ടാക്കണ്ട എന്ന് കരുതിയാണ് ഞാൻതന്നെ വിരമിക്കൽ പ്രഖ്യാപിച്ചത്. അതിലൂടെ അവർക്ക് 10 കോടി രൂപ ലാഭിക്കാനും കഴിഞ്ഞു’ -അശ്വിൻ പറഞ്ഞു.

കഴിഞ്ഞ വർഷം ടീമിൽ നടന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ തയാറായില്ലെങ്കിലും, അത് തന്നെ ഇപ്പോഴും അസ്വസ്ഥനാക്കുന്നുണ്ടെന്ന് അശ്വിൻ വ്യക്തമാക്കി. അനുഭവസമ്പന്നരായ കളിക്കാരെ ഒഴിവാക്കി യുവാക്കളെ ടീമിലെത്തിച്ച സി.എസ്‌.കെ തന്ത്രത്തെയും അദ്ദേഹം ചോദ്യം ചെയ്തു. യുവതാരങ്ങൾക്ക് കൃത്യമായ പരിശീലനവും അന്തരീക്ഷവും നൽകുന്നതിൽ ടീം പരാജയപ്പെടുന്നു. ബൗളർമാരുടെ കരുത്ത് എന്താണെന്ന് മനസ്സിലാക്കാതെയാണ് അവരെക്കൊണ്ട് പന്തെറിയിക്കുന്നത്. അൻഷുൽ കാംബോജ്, ജാമി ഓവർട്ടൺ എന്നിവരെക്കൊണ്ട് അവരുടെ ശൈലിയല്ലാത്ത 'വൈഡ് യോർക്കറുകൾ' എറിയിച്ചതാണ് ടിം ഡേവിഡ് അടക്കമുള്ളവർ സി.എസ്‌.കെയെ അടിച്ചുതകർക്കാൻ കാരണമായതെന്നും അശ്വിൻ വിമർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingsSanju SamsonIPL 2026
News Summary - Chennai Super Kings lost their first three matches of the IPL
Next Story