ചാമ്പ്യൻസ് ട്രോഫി ഫൈനൽ തേടി ഇന്ത്യ ഇന്ന് ആസ്ട്രേലിയക്കെതിരെ
text_fieldsദുബൈ: ചാമ്പ്യൻസ് ട്രോഫി കിരീടസാധ്യതയിൽ മുമ്പിലുള്ള രണ്ട് ടീമുകൾ സെമി ഫൈനലിൽതന്നെ മുഖാമുഖം വന്നിരിക്കുന്നു. 2023 ഏകദിന ലോകകപ്പിലെയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെയും ഫൈനലിസ്റ്റുകളാണ് ഇന്ത്യയും ആസ്ട്രേലിയയും. ചൊവ്വാഴ്ച ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ പോരാട്ടം തീപാറുമെന്നുറപ്പ്. രോഹിത് ശർമ നയിക്കുന്ന ഇന്ത്യയും സ്റ്റീവ് സ്മിത്തിന്റെ ഓസീസും തമ്മിലേത് ലോക ക്രിക്കറ്റിലെ വമ്പന്മാരുടെ നേരങ്കമാണ്. നാളെ ലാഹോറിൽ നടക്കുന്ന ദക്ഷിണാഫ്രിക്ക-ന്യൂസിലൻഡ് രണ്ടാം സെമിയിലെ വിജയികളായിരിക്കും ഫൈനലിലെ മറ്റൊരു ടീം.
കണക്ക് നോക്കിയാൽ ഒരുപാട് കൊടുത്തു തീർക്കാനുണ്ട്. ഒരു ഐ.സി.സി ഇവന്റിലെ നോക്കൗട്ടിൽ ഇന്ത്യ ഏറ്റവും ഒടുവിലായി ആസ്ട്രേലിയക്കെതിരെ ജയിക്കുന്നത് 2011ലാണ്. തുടർന്നിങ്ങോട്ട് വമ്പൻ ടൂർണമെന്റുകളുടെ നോക്കൗട്ടിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ തോൽവിയായിരുന്നു ഇന്ത്യക്ക്. 2011 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഓസീസിനെ പരാജയപ്പെടുത്തി. 2015ലെ ലോകകപ്പ് സെമി ഫൈനലിലും 2023ലെ ഫൈനലിലും ഇതേവർഷത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലുമെല്ലാം കംഗാരു നാട്ടുകാർക്കായിരുന്നു ജയം. 14 വർഷത്തിനിപ്പുറം ഓസീസിനെതിരെ ഐ.സി.സി നോക്കൗട്ട് മത്സരം വിജയിക്കുകയെന്ന വെല്ലുവിളിയാണ് രോഹിത്തിന് മുന്നിലുള്ളത്.
ഗ്രൂപ് എയിലെ മൂന്ന് മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ഇന്ത്യയുടെ വരവ്. യഥാക്രമം ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലൻഡ് ടീമുകളെ തോൽപിച്ച് ഗ്രൂപ് ജേതാക്കളായി. ആസ്ട്രേലിയയാവട്ടെ ഇംഗ്ലണ്ടിനെതിരെ ഗ്രൂപ് ബിയിൽ 352 റൺസെന്ന റെക്കോഡ് സ്കോർ ചേസ് ചെയ്താണ് തുടങ്ങിയത്.
ദക്ഷിണാഫ്രിക്കക്കും അഫ്ഗാനിസ്താനുമെതിരായ മത്സരങ്ങൾ മഴയെടുത്തതോടെ ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായി സെമിയിൽ കടന്നു. കഴിഞ്ഞ ദിവസം കിവികൾക്ക് നിശ്ചയിച്ച 250 റൺസെന്ന താരതമ്യേന ചെറിയ ലക്ഷ്യം വിജയകരമായി പ്രതിരോധിക്കാനായ ആവേശത്തിലാണ് ഇന്ത്യ. സ്പിൻ ചതുഷ്കങ്ങളായ വരുൺ ചക്രവർത്തി-കുൽദീപ് യാദവ്-രവീന്ദ്ര ജദേജ-അക്ഷർ പട്ടേൽ സംഘമാണ് പത്തിൽ ഒമ്പതുപേരെയും മടക്കിയത്.
സ്പിൻ മികവിൽ ആസ്ട്രേലിയയെയും വരിഞ്ഞുമുറുക്കാമെന്നാണ് പ്രതീക്ഷ. പരിക്കേറ്റ ഓപണിങ് ബാറ്റർ മാത്യൂ ഷോർട്ടിന് പകരം യുവ സ്പിൻ ഓൾ റൗണ്ടർ കൂപ്പർ കൊണോളിയെ ഓസീസ് സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടീം ഇവരിൽനിന്ന്
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, ഹർഷിത് റാണ, അർഷ്ദീപ് സിങ്.
ആസ്ട്രേലിയ: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാർനസ് ലാബുഷാഗ്നെ, ജോഷ് ഇൻഗ്ലിസ്, അലക്സ് കാരി, ഗ്ലെൻ മാക്സ്വെൽ, ബെൻ ദ്വാർഷുയിസ്, നഥാൻ എല്ലിസ്, ആദം സാംപ, സ്പെൻസർ ജോൺസൺ, ജേക്ക് ഫ്രേസർ-മക്ഗുർക്ക്, ആരോൺ ഹാർഡി, തൻവീർ സംഗ, സീൻ അബോട്ട്, കൂപ്പർ കൊണോളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

