ചാമ്പ്യൻസ് ട്രോഫി കിരീടം തിരിച്ചുപിടിക്കാനൊരുങ്ങി ഇന്ത്യയും ന്യൂസിലൻഡും
text_fieldsഇന്ത്യൻ നായകൻ രോഹിത് ശർമയും ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറും
ദുബൈ: എട്ട് ടീമുകൾ പങ്കെടുത്ത ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടപ്പോരാട്ടത്തിന്റെ അന്തിമ ചിത്രം തെളിഞ്ഞിരിക്കുന്നു. ഞായറാഴ്ച ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ മുൻ ജേതാക്കളായ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും. ടൂർണമെന്റിൽ തോൽവിയറിയാതെയാണ് രോഹിത് ശർമയുടെയും സംഘത്തിന്റെയും വരവ്. മിച്ചൽ സാന്റ്നർ നയിക്കുന്ന കിവീസ് ഗ്രൂപ് റൗണ്ടിൽ ഒരു കളി തോറ്റു. അതാവട്ടെ, ഇന്ത്യയോടും. ഇരുകൂട്ടരും യഥാക്രമം ആസ്ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയുമാണ് സെമി ഫൈനലിൽ മടക്കിയത്.
കാൽ നൂറ്റാണ്ടിനു ശേഷം മുഖാമുഖം
25 വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും ചാമ്പ്യൻസ് ട്രോഫി ഫൈനൽ ഇന്ത്യയുടെ എതിരാളികളായിരിക്കുകയാണ് ന്യൂസിലൻഡ്. വൈറ്റ്-ബാൾ ക്രിക്കറ്റിലെ മേജർ ടൂർണമെന്റിന്റെ ഫൈനലിൽ 2000ത്തിനു ശേഷം ഇതാദ്യമായാണ് കിവീസിനെ മെൻ ഇൻ ബ്ലൂ നേരിടുന്നത്. ഐ.സി.സി ടൂർണമെന്റുകളിൽ രണ്ടുതവണയാണ് ഇന്ത്യ -ന്യൂസിലൻഡ് കലാശ പോരാട്ടം നടന്നത്. രണ്ടിലും ജയം കിവീസിനൊപ്പമായിരുന്നു.
2000ത്തിൽ നയ്റോബിയിൽ നടന്ന ഐ.സി.സി നോക്കൗട്ട് ട്രോഫി ഫൈനലിൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങിയ ടീം ഇന്ത്യ നാല് വിക്കറ്റിനാണ് തോൽവി വഴങ്ങിയത്. ഗാംഗുലി സെഞ്ച്വറിയും സചിൻ ടെണ്ടുൽക്കർ അർധ സെഞ്ച്വറിയും നേടിയ മത്സരത്തിൽ മധ്യനിര പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ത്യയുയർത്തിയ 265 റൺസ് വിജയലക്ഷ്യം ക്രിസ് കെയ്നിന്റെ സെഞ്ച്വറി മികവിലാണ് സ്റ്റീഫൻ ഫ്ലമിങ്ങിന്റെ നേതൃത്വത്തിലിറങ്ങിയ കിവീസ് മറികടന്നത്.
2021ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലും ഇന്ത്യ -ന്യൂസിലൻഡ് പോരാട്ടമായിരുന്നു. മഴമൂലം ആറാം ദിവസത്തിലേക്ക് നീണ്ട മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. 2015ലും 2019ലും ഏകദിന ലോകകപ്പിന്റെ ഫൈനലിൽ കിവീസ് പ്രവേശിച്ചെങ്കിലും യഥാക്രമം ആസ്ട്രേലിയയോടും ഇംഗ്ലണ്ടിനോടും കിരീടം അടിയറവെച്ചു. 2017ലാണ് ഏറ്റവുമൊടുവിൽ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് അരങ്ങേറിയത്. അന്ന് ഫൈനലിൽ ഇന്ത്യയെ 180 റൺസിന് തോൽപിച്ച് പാകിസ്താൻ കപ്പടിച്ചു.
ഇന്ത്യക്ക് ആറിൽ അഞ്ച് ഫൈനൽ
2021ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ മുതൽ ആറ് ഐ.സി.സി ടൂർണമെന്റുകളിലെ അഞ്ചാം ഫൈനലാണ് ഇന്ത്യക്ക് ഇത്. ടെസ്റ്റ് ഫൈനലിൽ കിവികളോട് തോൽക്കുമ്പോൾ വിരാട് കോഹ്ലിയായിരുന്നു നായകൻ. രോഹിത് ശർമക്ക് കീഴിലിറങ്ങിയ 2022ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ പുറത്തായി. തുടർന്ന് തുടർച്ചയായ നാല് ടൂർണമെന്റുകളിലും കലാശക്കളിക്ക് യോഗ്യത നേടി. എല്ലാത്തിലും നായകൻ രോഹിത് തന്നെ.
2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ആസ്ട്രേലിയയോട് 209 റൺസിന് പരാജയം രുചിച്ചു. ഇതേ വർഷം ഇന്ത്യ ആതിഥ്യമരുളിയ ഏകദിന ലോകകപ്പ് ഫൈനലിലും എതിരാളി ഓസീസായിരുന്നു. ആറ് വിക്കറ്റിന് ജയിച്ച് കംഗാരുപ്പട കിരീടവും കൊണ്ടുപോയി. 2024 ട്വന്റി20 ലോകകപ്പിലും ഇന്ത്യ കിരീടപ്പോരാട്ടത്തിലേക്ക് കടന്നു. എതിരാളി ദക്ഷിണാഫ്രിക്കയായിരുന്നു. ഏഴ് റൺസിന് ജയിച്ചാണ് രോഹിത് സംഘം കിരീട വരൾച്ചക്ക് വിരാമമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

