ചാമ്പ്യൻസ് ട്രോഫി; ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് ദുബൈയിൽ
text_fieldsവിരാട് കോഹ്ലി
ദുബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ന് ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ അരങ്ങേറ്റ മത്സരം. പാകിസ്താനിൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബൈ ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. ഇന്ത്യൻ സമയം 2.30ന് മത്സരം തുടങ്ങും. വിരമിക്കലിന്റെ വക്കിലുള്ള ക്യാപ്റ്റൻ രോഹിത് ശർമയും മുൻ നായകൻ വിരാട് കോഹ്ലിയുമടങ്ങിയ ഇന്ത്യക്ക് ഏകദിനത്തിലെ പഴയ കരുത്തിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. ഇംഗ്ലണ്ടിനെതിരെ 3-0ന് പരമ്പര സ്വന്തമാക്കിയാണ് ടീം ദുബൈയിലെത്തിയത്. രോഹിതും ശുഭുമൻ ഗില്ലും നേടിയ സെഞ്ച്വറികളും കോഹ്ലിയുടെ അർധ സെഞ്ച്വറിയും ആരാധകരുടെ പഴിയിൽ നിന്ന് താരങ്ങളെ കരകയറ്റിയിരുന്നു. എന്നാൽ, ഇതേ ഫോം തുടർന്നാൽ മാത്രമേ ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ് എയിൽ മുന്നേറാനാകൂ. രണ്ട് അർധകമടക്കം നേടിയാണ് ശുഭ്മൻ ഗിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ കേമനായത്. അക്സർ പട്ടേലും ശ്രേയസ് അയ്യരും ബാറ്റിങ്ങിൽ ഫോമിലാണ്. എന്നാൽ, ഗ്രൂപ്പിലെ ബംഗ്ലാദേശ്, ന്യൂസിലൻഡ്, പാകിസ്താൻ ടീമുകൾ ഇംഗ്ലണ്ടിനേക്കാൾ കരുത്തരാണ്. ഗ്രൂപ്പിലെ ഒരു തോൽവി പോലും സെമിയിലേക്കുള്ള പ്രയാണം കടുപ്പമേറിയതാക്കും.
കോച്ച് ഗൗതം ഗംഭീറിന് താൽപര്യമില്ലാത്ത വിക്കറ്റ് കീപ്പർ- ബാറ്റർ റിഷഭ് പന്തിന് ഇന്ന് അവസരം ലഭിക്കാനിടയില്ല. കെ.എൽ. രാഹുൽ വിക്കറ്റ് കാക്കും. രാഹുൽ ഏത് സ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങുമെന്നും ചർച്ചയായിട്ടുണ്ട്. ഇഷ്ടപൊസിഷനായ അഞ്ചാം നമ്പറിലായിരുന്നു ഇംഗ്ലണ്ടിനെതിരെ അവസാന ഏകദിനത്തിൽ രാഹുൽ കളിച്ചത്. ഫോമിലുള്ള അക്സർ പട്ടേലിന് അഞ്ചാം സ്ഥാനം നൽകി രാഹുലിനെ ആറാമനാക്കാനാണ് സാധ്യത കൂടുതൽ.
ബൗളിങ്ങിൽ ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യക്ക് നികത്താനാകാത്ത നഷ്ടമാണ്. പരിക്കിൽനിന്ന് മുക്തനായ സീനിയർ താരം മുഹമ്മദ് ഷമിക്ക് കൂട്ടായി അർഷ്ദീപ് സിങ്ങോ ഹർഷിത് റാണയോ, ആരെ ഓപണിങ്ങിൽ പന്തെറിയിക്കുമെന്നാണ് അറിയാനുള്ളത്. ജീവനില്ലാത്ത പിച്ചിലും നന്നായി പന്തെറിയുന്ന താരമാണ് റാണ. ഈ ബൗളറുടെ പേസും ബൗൺസും എതിരാളികൾക്ക് തലവേദനയുണ്ടാക്കുന്നതാണ്. എന്നാൽ, അർഷ്ദീപിന്റെ ‘വെറൈറ്റി’പന്തുകൾ ടീമിന് പ്രതീക്ഷയേകുന്നതാണ്. രണ്ട് പേസർമാർക്കുപുറമേ, മൂന്ന് സ്പിന്നർമാർ ഇന്ത്യൻ നിരയിലുണ്ടാകും. രവീന്ദ്ര ജദേജയും അക്സർ പട്ടേലും സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. മൂന്നാം സ്പിന്നറായി കുൽദീപ് യാദവോ വരുൺ ചക്രവർത്തിയോ എത്തും.
വെസ്റ്റിൻഡീസിനോട് 0-3ന് പരമ്പര തോറ്റ ബംഗ്ലാദേശ് നിരയിൽ ഷാക്കിബുൽ ഹസനെപ്പോലുള്ള പ്രതിഭകളില്ല. നസ്മുൽ ഹുസൈൻ ഷാനേറായാണ് ടീം ക്യാപ്റ്റൻ. ഇരു ടീമുകളും 41 തവണ ഏറ്റുമുട്ടിയതിൽ 32ലും ജയിച്ചത് ഇന്ത്യയായിരുന്നു. എന്നാൽ, അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നും ജയിച്ചത് ബംഗ്ലാദേശായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

