ചാമ്പ്യൻസ് ട്രോഫി; മൂന്നാം ജയം തേടി ഇന്ത്യ
text_fieldsരോഹിത് ശർമയും വിരാട് കോഹ്ലിയും പരിശീലനത്തിനിടെ
ദുബൈ: ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഗ്രൂപ് എയിൽ തുടർച്ചയായ മൂന്നാം ജയവും ഒന്നാം സ്ഥാനവും ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. സെമി ഉറപ്പിച്ച ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടുമ്പോൾ ജയിച്ചാലും തോറ്റാലും സെമിയിലെ എതിരാളികൾ ശക്തരാണ്. ഇന്ത്യ ജയിച്ചാൽ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ലോക ജേതാക്കളുമായ ആസ്ട്രേലിയയാകും അവസാന നാലിലെ എതിരാളികൾ. തോറ്റാൽ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.
സ്പിന്നർമാരെ ഫലപ്രദമായി നേരിടുന്നവർക്കാണ് ദുബൈയിലെ പിച്ചിൽ സാധ്യത കൂടുതൽ. ആദ്യ രണ്ട് കളികളും ജയിച്ചെങ്കിലും സ്പിന്നർമാരെ നന്നായി കൈകാര്യം ചെയ്യാനായിട്ടില്ല. മിച്ചൽ സാന്റ്നറും മൈക്കൽ ബ്രാസ്വെല്ലുമാണ് കിവീസ് സ്പിൻ നിരയിലുള്ളത്. പാർട്ട് ടൈം സ്പിന്നറായി ഗ്ലെൻ ഫിലിപ്സുമുണ്ട്. സാന്റ്നറും ഫിലിപ്സും ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ബാറ്റർമാരെ വെള്ളംകുടിപ്പിച്ചിരുന്നു. ശുഭ്മൻ ഗില്ലും വിരാട് കോഹ്ലിയും തകർപ്പൻ ഫോമിലാണെന്നത് റൺ കൂമ്പാരത്തിലേക്ക് ഇന്ത്യൻ പ്രതീക്ഷ വർധിപ്പിക്കുന്നു. ശ്രേയസ് അയ്യരും കെ.എൽ. രാഹുലും സ്പിന്നർമാരെ നേരിടാൻ കഴിവുള്ള ബാറ്റർമാരാണ്.
രവീന്ദ്ര ജദേജയും അക്ഷർ പട്ടേലും കുൽദീപ് യാദവും ഗംഭീര സ്പെല്ലുകൾ എറിഞ്ഞില്ലെങ്കിലും ചാമ്പ്യൻസ് ട്രോഫിയിൽ മോശമല്ലാതെ പന്തെറിഞ്ഞവരാണ്. പാകിസ്താനെതിരെ റണ്ണൊഴുക്ക് തടഞ്ഞതിൽ ഇന്ത്യൻ സ്പിന്നർമാർ നിർണായക പങ്കുവഹിച്ചിരുന്നു. എന്നാൽ, ന്യൂസിലൻഡിന് കുരുത്തുറ്റ ബാറ്റിങ് നിരയുള്ളത് കളിയെ ആവേശത്തിലാക്കും. കെയ്ൻ വില്യംസൺ, വിൽ യങ്, ടോം ലതാം, ഡെവൺ കോൺവേ, രചിൻ രവീന്ദ്ര എന്നിവർ പേസർമാർക്കും ഭീഷണിയാണ്. ഇന്ത്യൻ നിരയിൽ ചില സീനിയർ താരങ്ങൾക്ക് വിശ്രമമനുവദിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

