ചാമ്പ്യൻ ട്രോഫി കപ്പിലേക്ക് ഇനി ഒരു പകൽ ദൂരം
text_fieldsദുബൈ: 12 വർഷം മുമ്പ് സ്വന്തമാക്കിയ ചാമ്പ്യൻസ് ട്രോഫി കിരീടം ഒരിക്കൽക്കൂടി മാറോടു ചേർക്കാൻ ടീം ഇന്ത്യക്ക് ഒരു പകൽദൂരം. ദുബൈ മൈതാനത്ത് കരുത്തരായ ന്യൂസിലൻഡാണ് എതിരാളികൾ. ഒരിക്കൽ പോലും തോൽവിയറിയാതെയാണ് ഇന്ത്യ കലാശപ്പോരുറപ്പിച്ചതെങ്കിൽ ഗ്രൂപ് ഘട്ടത്തിൽ ഇന്ത്യയോടേറ്റ തോൽവിക്ക് മധുരപ്രതികാരം കൂടിയാണ് കിവികൾ ലക്ഷ്യമിടുന്നത്. ഇരു ടീമുകളും മുഖാമുഖം നിന്നതിൽ ന്യൂസിലൻഡിന് ഒരു പണത്തൂക്കം മേൽക്കൈ പറയാമെങ്കിലും ഇതേ ടൂർണമെന്റിൽ ഏറ്റവുമൊടുവിലെ ജയം ഇന്ത്യയുടെ സാധ്യതകൾക്ക് ഇരട്ടി മാറ്റ് നൽകുന്നു.
കന്നി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ അങ്കം ജയിച്ചിരുന്ന ന്യൂസിലൻഡ് ഇന്ത്യൻ മണ്ണിലെത്തി ഏകദിന പരമ്പര തൂത്തുവാരിയതും ചേർത്തുവായിക്കണം. മാത്രമല്ല, ഐ.സി.സി ടൂർണമെന്റുകളിലും കൂടുതൽ ജയിച്ചത് ന്യൂസിലൻഡാണ്. അതേ സമയം, നിലവിലെ ഇന്ത്യൻ ടീം ലൈനപ്പ് ഏതു ടീമിനെയും വീഴ്ത്താൻ കെൽപുള്ളതാണ്. നാലു സ്പിന്നർമാരും രണ്ടു പേസർമാരുമടങ്ങിയ ബൗളിങ് നിരയും വെറ്ററൻ കരുത്ത് മുന്നിൽനിൽക്കുന്ന ബാറ്റിങ്ങും ഒരുപോലെ കേമം.
രോഹിത് ശർമ, വിരാട് കോഹ്‍ലി, വരുൺ ചക്രവർത്തി, മിച്ചൽ സാന്റ്നർ, കെയ്ൻ വില്യംസൺ, രചിൻ രവീന്ദ്ര
സ്പിൻ അങ്കം
സമീപകാല കണ്ടുപിടിത്തമായ വരുൺ ചക്രവർത്തിയും പരിചയ സമ്പന്നനായ കുൽദീപ് യാദവും എതിരാളികൾക്ക് ഒട്ടും പിടിനൽകാത്ത വജ്രായുധങ്ങൾ. ഒപ്പം രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവർ കൂടിയാകുമ്പോൾ കൃത്യതയും കരുത്തും സമം ചേർന്ന് എതിർനിരയിൽ കാറ്റുവീഴ്ച തീർക്കാൻ എളുപ്പം. പാകിസ്താനെ നേരത്തെ തകർത്തുവിട്ട അതേ മൈതാനത്താണ് ഫൈനൽ എന്നതുകൂടി പരിഗണിച്ചാൽ കാര്യങ്ങൾ ഇന്ത്യൻ വഴിയിലെത്തുമെന്നുപറയാൻ ന്യായങ്ങളേറെ. മറുവശത്ത്, കറക്കിവീഴ്ത്താനറിയുന്നതിൽ വീറും വാശിയും ഒട്ടും കുറവില്ലാത്ത ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ, മൈക്കൽ ബ്രേസ്വെൽ, രചിൻ രവീന്ദ്ര, െഗ്ലൻ ഫിലിപ്സ് എന്നിവരടങ്ങിയ നാൽവർ സഖ്യം മുമ്പും ഇന്ത്യൻ ക്യാമ്പിൽ നാശം വിതച്ചവരാണ്.
‘രോകോ’ ട്രെയിനിന്അവസാന സ്റ്റോപ്
ഇന്ത്യയുടെ സമീപകാല വിജയങ്ങളിലെ താരസാന്നിധ്യങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‍ലിയും തന്നെയാണ് ടീമിന്റെ ബാറ്റിങ് ലൈനപ്പിലെ ഒന്നാം ശക്തി. കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട ടീമിനെ തൊട്ടുപിറകെ ഏകദിന ഫോർമാറ്റിലും വമ്പൻ കിരീടം മാടിവിളിക്കുമ്പോൾ തീർച്ചയായും ഇരുവരും തിളങ്ങുമെന്നുതന്നെ കാത്തിരിക്കാം. കോഹ്‍ലി അവസാനം കളിച്ച അഞ്ച് ഇന്നിങ്സുകളിൽ ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറിയുമടങ്ങിയതാണ്.
രോഹിതിന്റേത് അത്രക്ക് തിളക്കമുള്ളതല്ലെങ്കിലും താരം തുടക്കം ഗംഭീരമാക്കിയാൽ മധ്യനിരക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. ഇവർക്കു പിറകെ മികച്ച പ്രകടനവുമായി ശ്രദ്ധേയ സാന്നിധ്യങ്ങളായി മാറിയ ഉപനായകൻ ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റിങ്ങും ടീം കാത്തിരിക്കുന്നതാണ്. ഗില്ലും ശ്രേയസും ഉടനീളം കളി നിലനിർത്തിയവരെങ്കിൽ രാഹുലും പാണ്ഡ്യയും അവസാന മത്സരങ്ങളിൽ ബാറ്റെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചവരാണ്. കിവി നിരയിൽ കെയിൻ വില്യംസണും രചിൻ രവീന്ദ്രയുമടങ്ങുന്ന ബാറ്റിങ് ടൂർണമെന്റിലുടനീളം ഏറ്റവും മികച്ച ഫോമിലാണ്.
സാധ്യത ടീമുകൾ
- ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷാമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി.
- ന്യൂസിലൻഡ്: മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, ടോം ലഥാം, ഡാരിൽ മിച്ചൽ, വിൽ ഒ’റൂർക്ക്, ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, നഥാൻ സ്മിത്ത്, കെയ്ൻ വില്യംസൺ, വിൽ യംഗ്, ജേക്കബ് ഡഫി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.