ബെൻ ഡക്കറ്റ് 143 പന്തിൽ 165, റെക്കോഡ്; ആസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ
text_fieldsലാഹോർ: ചാമ്പ്യൻസ് ട്രോഫിയിൽ ആസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 351 റൺസെടുത്തു.
ഓപ്പണർ ബെൺ ഡക്കറ്റിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിലാണ് ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ കുറിച്ചത്. 143 പന്തിൽ മൂന്നു സിക്സും 17 ഫോറുമടക്കം 165 റൺസെടുത്താണ് താരം പുറത്തായത്. 95 പന്തിലാണ് താരം നൂറിലെത്തിയത്. ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ഒരു താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോറാണ് ഡക്കറ്റ് നേടിയത്. 145 റൺസ് നേടിയ ആൻഡി ഫ്ലവർ, നഥാൻ ആസിൽ എന്നിവരെയാണ് താരം മറികടന്നത്.
ജോ റൂട്ട് അർധ സെഞ്ച്വറി നേടി. 78 പന്തിൽ നാലു ഫോറടക്കം 68 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ ഡക്കറ്റും റൂട്ടും ചേർന്ന് നേടിയ 158 റൺസ് കൂട്ടുകെട്ടും നിർണായകമായി. ഫിൽ സാൾട്ട് (ആറു പന്തിൽ 10), ജെമീ സ്മിത്ത് (13 പന്തിൽ 15), ഹാരി ബ്രൂക്ക് (ആറു പന്തിൽ മൂന്ന്), നായകൻ ജോസ് ബട്ലർ (21 പന്തിൽ 23), ലിയാം ലിവിങ്സ്റ്റൺ (17 പന്തിൽ 14), ബ്രൈഡൻ കാർസ് (ഏഴു പന്തിൽ എട്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 21 റൺസുമായി ജോഫ്ര ആർച്ചറും ഒരു റണ്ണുമായി ആദിൽ റഷീദും പുറത്താകാതെ നിന്നു.
ഓസീസിനായി ബെൻ ദ്വാർഷുയിസ് മൂന്നു വിക്കറ്റ് വീഴ്ത്തി. ആദം സാംപ, മാർനസ് ലബുഷെയ്ൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും ഗ്ലെൻ മാക്സ്വെൽ ഒരു വിക്കറ്റും നേടി. നേരത്തെ ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് ഉൾപ്പെടെയുള്ളവരുടെ അഭാവം ഓസീസ് ബൗളിങ്ങിൽ പ്രകടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

