അതലിനും ഒമർസായിക്കും അർധ സെഞ്ച്വറി; ഓസീസിന് 274 റൺസ് വിജയലക്ഷ്യം കുറിച്ച് അഫ്ഗാനിസ്താൻ
text_fieldsആസ്ട്രേലിയക്കെതിരെ ഒമർസായിയുടെ ബാറ്റിങ്
ലാഹോർ: ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബി മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ അഫ്ഗാനിസ്താന് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ബാറ്റിങ്ങിനിരങ്ങിയ അഫ്ഗാനിസ്താൻ നിശ്ചിത 50 ഓവറിൽ 273 റൺസിന് എല്ലാവരും പുറത്തായി. അർധ സെഞ്ച്വറികളുമായി കളംനിറഞ്ഞ സെദിഖുല്ല അതൽ (85), അസ്മത്തുല്ല ഒമർസായ് (67) എന്നിവരാണ് അഫ്ഗാന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ആസ്ട്രേലിയക്കായി ബെൻ ഡ്വാർഷൂയിസ് മൂന്ന് വിക്കറ്റ് നേടി.
ക്രീസിൽ നിലയുറപ്പിക്കുന്നതിനു മുമ്പ് അഫ്ഗാൻ ഓപണർ റഹ്മാനുല്ല ഗുർബാസിനെ (0) ക്ലീൻ ബൗൾഡാക്കിയാണ് ആസ്ട്രേലിയ തുടങ്ങിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ അഫ്ഗാന് 67 റൺസ് കൂട്ടിച്ചേർക്കാനായി. ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയ ഇബ്രാഹിം സദ്റാൻ 22 റൺസുമായി പുറത്തായി. എന്നാൽ മറുഭാഗത്ത് കരുതലോടെ ബാറ്റുചെയ്ത അതൽ, അഫ്ഗാൻ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. 95 പന്തുകൾ നേരിട്ട താരം ആറ് ഫോറും മൂന്ന് സിക്സും സഹിതം 85 റൺസ് നേടിയാണ് പുറത്തായത്.
റഹ്മത് ഷാ (12), ക്യാപ്റ്റൻ ഹസ്മത്തുല്ല ഷാഹിദി (20) എന്നിവർക്ക് വലിയ സ്കോർ കണ്ടെത്താനായില്ല. എന്നാൽ അവസാന ഓവർ വരെ പിടിച്ചുനിന്ന ഒമർസായ് അഫ്ഗാന്‍റെ സ്കോർ ഉയർത്തുന്നതിൽ നിർണായക സംഭാവനയാണ് നൽകിയത്. വാലറ്റത്തെ കൂട്ടുപിടിച്ച് അവസാന ഓവറുകളിൽ കത്തിക്കയറിയ ഒമർസായിയുടെ പോരാട്ടമികവിൽ അഫ്ഗാൻ സ്കോർ 250 പിന്നിട്ടു. 63 പന്തുകൾ നേരിട്ട താരം ഒരു ഫോറും അഞ്ച് സിക്സും സഹിതം 67 റൺസാണ് നേടിയത്.
മുഹമ്മദ് നബി (ഒന്ന്), ഗുൽബദിൻ നയിബ് (നാല്), റാഷിദ് ഖാൻ (19), നൂർ അഹ്മദ് (ആറ്) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റർമാരുടെ സ്കോർ. ഓസീസിനായി ഡാർഷൂയിസ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ സ്പെൻസർ ജോൺസൻ, ആദം സാംപ എന്നിവർ രണ്ട് വീതവും നേഥൻ എല്ലിസ്, ഗ്ലെൻ മാക്സ്വെൽ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

