32 പന്തിൽ സെഞ്ച്വറി! 11ഫോറും 15 സിക്സറും, വെടിക്കെട്ടൊരുക്കി വൈഭവ് സൂര്യവംശി
text_fieldsവൈഭവ് സൂര്യവംശി
ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് 2025 ക്രിക്കറ്റ് ടൂർണമെന്റിൽ ഓപണറായി ഇറങ്ങി യു.എ.ഇ ക്കെതിരെ തകർപ്പൻ സെഞ്ച്വറി നേടിയ ഇന്ത്യൻ ബാറ്റർ വൈഭവ് സൂര്യവംശി വീണ്ടും തന്റെ സ്ഫോടനാത്മക ബാറ്റിങ് മികവ് പ്രകടിപ്പിച്ചു. ഇന്ത്യ എ ടീമിന്റെ 14 വയസ്സുള്ള താരം വെറും 32 പന്തിൽ സെഞ്ച്വറി നേടി ആരാധകരെയും ക്രിക്കറ്റ് വിദഗ്ധൻമാരെയും തന്റെ അസാധാരണ പ്രതിഭയാൽ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. 42 ബോളിൽ 144 റൺസാണ് നേടിയത്. മൽസരത്തിൽ 148 റൺസിന് ഇന്ത്യ എ വിജയിച്ചു.
11 ഫോറുകളും 15 സിക്സറുകളും അടിച്ചുകൊണ്ട് മത്സരത്തെ വൺമാൻ ഷോയാക്കി മാറ്റി. ടൈമിങ്ങും പവറും ചേർന്ന ഷോട്ടുകളുതിർത്ത വൈഭവ് ഭയത്തിന്റെ കണികയില്ലാതെ ബാറ്റ് വീശിയപ്പോൾ മിന്നും വേഗത്തിലാണ് ബോളുകൾ ബൗണ്ടറി ലൈൻ കടന്നത്. ആക്രമണ ബാറ്റിങ്ങിന്റെ ആൾരൂപമായി നിലകൊണ്ട കൗമാരക്കാരൻ ബൗളർമാരെ ഞെട്ടിച്ചു. ബാറ്റിങ്ങിലെ ആക്രമണോത്സുക സമീപനം ഇന്ത്യ എക്ക് ശക്തമായ സ്കോർ നേടാൻ മാത്രമല്ല, ആവോളം ആവേശം വിതറുന്ന സ്ഫോടനാത്മക ബാറ്റിങ് പ്രതിഭയെന്ന ഖ്യാതി ഉറപ്പിക്കുകയും ചെയ്തു.
പ്രഫഷനൽ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറികൾക്കൊപ്പം ഈ യുവതാരത്തിന്റെ ഇന്നിംഗ്‌സിനെ താരതമ്യം ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറലാവുകയുമാണ്. പരിചയസമ്പന്നനായ അന്താരാഷ്ട്ര കളിക്കാരന്റെ ആത്മവിശ്വാസത്തോടെയും ശക്തിയോടെയും കളിക്കുന്ന സൂര്യവംശിയെ കമന്റേറ്റർമാർ വരുംകാലത്തെ അതികായനായി വിശേഷിപ്പിക്കുകയാണ്. ക്രീസിൽ പ്രകടിപ്പിക്കുന്ന സംയമനത്തെയും ഷോട്ട് സെലക്ഷനെയും അവർ പ്രശംസിച്ചു.
പേസ് ബൗളിങ്ങിനെ തച്ചുതകർത്ത് നിരന്തരം വാർത്തകളിൽ ഇടം നേടിയ കൗമാരതാരത്തിന്റെ മറ്റൊരു നാഴികക്കല്ലാണ് ഈ ഇന്നിംഗ്‌സ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ആക്രമണ സൂര്യനായി മാറാനൊരുങ്ങുകയാണ് സൂര്യവംശി .
2025 ലെ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസിൽ റെക്കോഡ് ഭേദിച്ച സെഞ്ച്വറി ഇന്ത്യൻ ക്രിക്കറ്റിൽ ഉയർന്നുവരുന്ന പ്രതിഭയെയാണ് ഈ 14 വയസ്സുകാരനിൽ കാണുന്നത്. കൂടുതൽ സ്ഫോടനാത്മക പ്രകടനങ്ങൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

