ഷമി ഭാര്യക്കും മകൾക്കും പ്രതിമാസം ജീവനാംശമായി നാലു ലക്ഷം നൽകണം; ഉത്തരവിട്ട് കൽക്കത്ത ഹൈകോടതി
text_fieldsകൊല്‍ക്കത്ത: വേർപിരിഞ്ഞ് കഴിയുന്ന ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കാന്‍ ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമിയോട് ഉത്തരവിട്ട് കൽക്കത്ത ഹൈകോടതി. മുന്‍ ഭാര്യയായ ഹസിന്‍ ജഹാന്‍ നല്‍കിയ ഹരജിയിൽ പ്രതിമാസം നാലുലക്ഷം രൂപ നൽകാനാണ് ഉത്തരവ്.
ഹസിന് ഒന്നര ലക്ഷം രൂപയും പ്രായപൂർത്തിയാകാത്ത മകളുടെ പഠനം ഉൾപ്പെടെയുള്ള ചെലവുകൾക്ക് രണ്ടര ലക്ഷം രൂപയും നൽകണം. ഇരുവർക്കുമായി മാസം നാലു ലക്ഷം രൂപ നൽകാനാണ് ജസ്റ്റിസ് അജയ് മുഖർജിയുടെ ഉത്തരവ്. ഇതോടെ ഇരുവരും തമ്മിലുള്ള വർഷങ്ങളുടെ നീണ്ട നിയമപോരാട്ടത്തിന് കൂടിയാണ് അവസാനമാകുന്നത്. ഏഴുവര്‍ഷം മുമ്പാണ് ജീവനാംശമായി ഏഴു ലക്ഷം രൂപയും മകളുടെ പഠനം ഉൾപ്പെടെയുള്ള ചെലവുകൾക്ക് മൂന്നു ലക്ഷം രൂപയും ആവശ്യപ്പെട്ട് ഹസിൻ ആദ്യമായി കോടതിയെ സമീപിക്കുന്നത്.
മോഡലിങ് വഴി ജഹാന്‍ പണം സമ്പാദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്ന് കോടതി ഹരജി തള്ളി. എന്നാല്‍ ഹസിൻ നിയമപോരാട്ടം തുടർന്നു. ഇതിനിടെ ആലിപോർ കോടതി മുൻ ഭാര്യക്കും മകൾക്കും ജീവനാംശനമായി 80,000 രൂപ നൽകാൻ ഉത്തരവിട്ടു. പിന്നീട് ഭാര്യക്ക് 50,000 രൂപയും മകൾക്ക് 80,000 രൂപയും നൽകണമെന്ന് പറഞ്ഞ് ഉത്തരവ് പരിഷ്കരിച്ചു. പിന്നാലെയാണ് ഹസിൻ കൽക്കത്ത ഹൈകോടതിയെ സമീപിക്കുന്നത്. കുടുംബത്തിന്‍റെ മാസവരുമാനം ആറര ലക്ഷം രൂപക്ക് മുകളിൽ വരുന്നുണ്ടെന്നും മുൻ ഭർത്താവായ ഷമിയുടെ വാർഷിക വരുമാനം ഏഴര കോടി രൂപക്കു മുകളിലാണെന്നും ഹസിൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഷമിയുടെ വരുമാനം കണക്കിലെടുത്താണ് ഇപ്പോൾ കോടതി പ്രതിമാസം നാലുലക്ഷം നല്‍കാൻ ഉത്തരവിട്ടത്. നിലവിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കളിക്കുന്ന ഇന്ത്യൻ ടീമിൽ ഷമി കളിക്കുന്നില്ല. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് താരത്തെ ഒഴിവാക്കുകയായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തിയതോടെ ഹസിന്‍ ജഹാനൊപ്പമാണ് മകൾ താമസിക്കുന്നത്. 2012ല്‍ ഐ.പി.എല്ലിനിടെ പ്രണയത്തിലായ ഇരുവരും 2014 ജൂണിലാണ് വിവാഹിതരാകുന്നത്.
2023 ജൂണിൽ ആസ്ട്രേലിയക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലാണ് ഷമി അവസാനമായി ഇന്ത്യൻ ടീമിനൊപ്പം ടെസ്റ്റ് കളിച്ചത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ കണങ്കാൽ ശസ്ത്രക്രിയക്കു വിധേയനായ 34കാരൻ, ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും താരത്തിന് പഴയ ഫോമിലേക്ക് എത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

