വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു; ക്രിക്കറ്റ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാൻ കൊൽക്കത്ത ഹൈകോടതി ഉത്തരവ്
text_fieldsഅഭിഷേക് പോറൽ
കൊൽക്കത്ത: ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തപ്പെട്ട ഡൽഹി ക്യാപ്പിറ്റൽസ് വിക്കറ്റ് കീപ്പർ, ബാറ്റർ അഭിഷേക് പോറലിനെ ഉടൻ അറസ്റ്റ് ചെയ്യാൻ കൊൽക്കത്ത ഹൈകോടതി ഉത്തരവിട്ടു. പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി താരത്തിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കാനും പൊലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തതായും, തുടർന്ന് ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാരോപിച്ച് ഒരു മാസം മുൻപാണ് അഭിഷേക് പോറലിനെതിരെ യുവതി പരാതി നൽകിയത്. മെഡിക്കൽ വിദ്യാർഥിനിയായ യുവതിയാണ് പോറലിനും മറ്റൊരു വ്യക്തിക്കുമെതിരെ മൊഗ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
താനും പോറലും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്നും, കഴിഞ്ഞ വർഷം മുതൽ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. തന്നിൽ നിന്ന് അകന്നുപോകാൻ ശ്രമിക്കുന്ന പോറലിനോട് വിവാഹവാഗ്ദാനം പാലിക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു എന്നും തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിടുമെന്ന് പറഞ്ഞ് താരം ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം, കേസ് പരിഗണിക്കുമ്പോൾ പ്രതിഭാഗത്ത് നിന്ന് ആരും ഹാജരായിരുന്നില്ല. തുടർന്ന് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. അറസ്റ്റ് നടപടികൾ ഊർജിതമാക്കിയതായി പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിന്റെ അടുത്ത വിചാരണ ഓഗസ്റ്റ് 11നാണ് നടക്കുന്നത്.
ചന്ദന്നഗർ സ്വദേശിയായ 23-കാരനാണ് അഭിഷേക് പോറൽ ഐ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ്. ഇന്ത്യൻ താരം റിഷഭ് പന്ത് ഇല്ലാതിരുന്ന സാഹചര്യത്തിലാണ് അഭിഷേകിന് ടീമിൽ അവസരം ലഭിച്ചത്. തുടക്കത്തിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും, പിന്നീട് മികച്ച പ്രകടനത്തിലൂടെ യുവ വിക്കറ്റ് കീപ്പർ എന്ന നിലയിൽ ടീമിന്റെ വിശ്വാസം നേടിയെടുക്കാൻ അഭിഷേകിന് സാധിച്ചിരുന്നു. സംഭവത്തിൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾ അഭിഷേക് നിഷേധിച്ചിട്ടുണ്ട്. കേസിൽ വാദം നടക്കുന്നുണ്ടെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും അഭിഷേക് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

