'ബുംറ മാത്രം വിചാരിച്ചാൽ ജയിക്കില്ല'; മധ്യ ഓവറുകളിലെ ഇന്ത്യയുടെ വിക്കറ്റ് വരൾച്ചയിൽ തുറന്നടിച്ച് വരുൺ ആരോൺ
text_fieldsലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ വിക്കറ്റ് ടേക്കിങ് സ്പിന്നറായ കുൽദീപ് യാദവിനെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയ ഇന്ത്യൻ മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനം. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യ ഓവറുകളിൽ ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യക്ക് കഴിയാതെ പോയതോടെയാണ് മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ തന്ത്രങ്ങൾക്കെതിരെ മുൻ ഇന്ത്യൻ പേസർ വരുൺ ആരോൺ രംഗത്തെത്തിയത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ എന്നിവരുടെ ആക്രമണാത്മക ബോളിങ് മികവിൽ ഇന്ത്യ തുടക്കത്തിൽ തന്നെ തകർത്തിരുന്നു. ഒരു ഘട്ടത്തിൽ 80 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ, മധ്യ ഓവറുകളിൽ കൃത്യതയാർന്ന സ്പിന്നർമാരുടെ അഭാവമാണ് കളിയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ചത്. ജോ റൂട്ടും ലിയാം ഡോസണും ചേർന്ന് ഇംഗ്ലീഷ് നിരയെ മികച്ച നിലയിലേക്ക് നയിക്കുകയായിരുന്നു.
ഐ.പി.എൽ 2026 സീസണിന് ശേഷം ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന അക്സർ പട്ടേലിന് മധ്യ ഓവറുകളിൽ ഇംഗ്ലീഷ് ബാറ്റർമാരെ പ്രതിരോധത്തിലാക്കാൻ കഴിഞ്ഞില്ല. വാഷിങ്ടൺ സുന്ദറും റൺസ് വിട്ടുകൊടുക്കുന്നതിൽ മടി കാണിക്കാതിരുന്നതോടെ റൂട്ടും ഡോസണും ചേർന്ന് സ്കോർ ഉയർത്തി. ഈ സാഹചര്യത്തിലാണ് കമന്ററി ബോക്സിലുണ്ടായിരുന്ന വരുൺ ആരോൺ ഇന്ത്യൻ മാനേജ്‌മെന്റിന് യാഥാർഥ്യ ബോധ്യം നൽകുന്ന പ്രതികരണവുമായി രംഗത്തെത്തിയത്.
"ഇന്ത്യയുടെ പക്കൽ കുൽദീപ് യാദവുണ്ട്. എന്നാൽ അക്സർ പട്ടേൽ ബാറ്റർമാർക്ക് അടിക്കാൻ പാകത്തിലാണ് പന്തെറിയുന്നത്. വിക്കറ്റിൽ നിന്ന് അനുകൂലമായത് എന്തെങ്കിലും നേടിയെടുക്കണമെങ്കിൽ വേഗതയിലും സീം പൊസിഷനിലും മാറ്റങ്ങൾ വരുത്തണം. അക്സർ ഒരു ഓഫ് സ്പിന്നറെപ്പോലെ പന്തെറിയുമെന്നാണ് ഇംഗ്ലീഷ് ബാറ്റർമാർ കരുതുന്നത്. അദ്ദേഹം പന്ത് കൂടുതൽ ടേൺ ചെയ്യില്ലെന്ന് വ്യക്തമാണ്. അങ്ങനെയെങ്കിൽ മധ്യ ഓവറുകളിൽ നിങ്ങൾ എങ്ങനെ വിക്കറ്റ് വീഴ്ത്തും? നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഉത്തരം ജസ്പ്രീത് ബുംറ മാത്രമാകില്ല" - വരുൺ ആരോൺ വ്യക്തമാക്കി.
ഗൗതം ഗംഭീർ പരിശീലകനായി ചുമതലയേറ്റതു മുതൽ ബാറ്റിങ് ലൈനപ്പിന് ആഴം കൂട്ടാനായി കൂടുതൽ ഓൾറൗണ്ടർമാരെ ടീമിൽ ഉൾപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇത് പലപ്പോഴും ബോളിങ് ഡിപ്പാർട്ട്മെന്റിന്റെ മൂർച്ച കുറയ്ക്കാൻ കാരണമാകുന്നുണ്ട്. ഒന്നാം ഏകദിനത്തിൽ സ്പെഷ്യലിസ്റ്റ് സ്പിന്നറായ കുൽദീപ് യാദവ്, പേസർ അർഷ്ദീപ് സിങ് എന്നിവരെ പുറത്തിരുത്തി അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ശിവം ദുബെ എന്നീ മൂന്ന് ഓൾറൗണ്ടർമാരുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്.
അതേസമയം, വരുൺ ആരോണിന്റെ പ്രതികരണത്തിന് മറുപടിയുമായി മുൻ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർ രംഗത്തെത്തി. "ചില സമയങ്ങളിൽ ബുംറ തന്നെയാണ് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം. ബുംറയെപ്പോലൊരു ലോകോത്തര ബോളർ ടീമിലുള്ളപ്പോൾ പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം തന്നെ രക്ഷകനാകുമെന്ന് ടീമും ആരാധകരും പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്" - അഭിഷേക് നായർ പറഞ്ഞു.
ബെൻ ഡക്കറ്റും ജേക്കബ് ബെഥേലും ചേർന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകിയെങ്കിലും ഇന്ത്യൻ പേസർമാർ അവരെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാൽ മധ്യ ഓവറുകളിൽ സ്പെഷ്യലിസ്റ്റ് സ്പിന്നറുടെ അഭാവം മുതലെടുത്ത് റൂട്ടും ഡോസണും ചേർന്ന് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ സമ്മാനിക്കുകയായിരുന്നു. വരും മത്സരങ്ങളിൽ കുൽദീപ് യാദവിനെ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

