‘ടെസ്റ്റ് ക്രിക്കറ്റിന് നിങ്ങളെ വേണം!! കോഹ്ലി വിരമിക്കരുത്’; ഞെട്ടിത്തരിച്ച് മുൻ ബാറ്റിങ് ഇതിഹാസം
text_fieldsമുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് സൂപ്പർതാരം വിരാട് കോഹ്ലി വിരമിക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹം ക്രിക്കറ്റ് ലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. രോഹിത് ശർമക്കു പിന്നാലെ സീനിയർ താരമായ കോഹ്ലി കൂടി വിരമിക്കുന്നത് ടീ ഇന്ത്യക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
കോഹ്ലി വിരമിക്കുന്നുവെന്ന അഭ്യൂഹം പരന്നതോടെ പല താരങ്ങളും തീരുമാനം പിൻവലിക്കണമെന്ന അഭ്യർഥനയുമായി രംഗത്തുവന്നിരുന്നു. ബി.സി.സി.ഐ തന്നെ കോഹ്ലിയെ പിന്തിരിപ്പിക്കാൻ പ്രമുഖ താരങ്ങളുടെ സഹായം തേടിയതായാണ് വിവരം. തീരുമാനം പുനഃപരിശോധിക്കണമെന്ന ബി.സി.സി.ഐ ആവശ്യം പരിഗണിച്ചില്ലെങ്കിൽ 14 വർഷം നീണ്ട ഐതിഹാസിക കരിയറിനാകും കർട്ടൻ വീഴുക. ഇംഗ്ലണ്ട് പരമ്പര അടുത്തെത്തി നിൽക്കെയാണ് മറ്റൊരു വെറ്ററൻ താരം കൂടി പടിയിറങ്ങുന്നത്. കഴിഞ്ഞ ദിവസം അപ്രതീക്ഷിത പ്രഖ്യാപനവുമായി രോഹിതും ടെസ്റ്റിൽനിന്ന് പാഡഴിച്ചിരുന്നു. ട്വന്റി20യിൽ നേരത്തെ ഇരുവരും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ഇരുവരും ദേശീയ ടീമിനൊപ്പം ഏകദിനത്തിൽ മാത്രമായി ചുരുങ്ങും.
കോഹ്ലി വിരമിക്കില്ലെന്ന പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. ‘ടെസ്റ്റ് ക്രിക്കറ്റിന് കോഹ്ലിയെ ആവശ്യമുണ്ട്!! അദ്ദേഹത്തിന് ഇക്കാര്യം ബോധ്യപ്പെടും. ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് കോഹ്ലി വിരമിക്കില്ല. ടെസ്റ്റ് കരിയറിന്റെ ശേഷിക്കുന്ന കാലയളവിൽ 60ന് മുകളിൽ ശരാശരി നിലനിർത്താനാകും’ -ലാറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര അടുത്ത മാസം 20ന് തുടങ്ങുകയാണ്. ഈ വർഷമാദ്യം ആസ്ട്രേലിയയിൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലാണ് കോഹ്‌ലിയും രോഹിത്തും ഇന്ത്യക്കായി ഒടുവിൽ വെള്ളക്കുപ്പായമണിഞ്ഞത്. ടൂർണമെന്‍റിൽ ഇരുവരും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ച്വറി മാത്രമാണ് കോഹ്‌ലിക്ക് ആശ്വസിക്കാനുള്ളത്. ഇതോടെ സീനിയർ താരങ്ങൾക്കുനേരെ വൻ വിമർശനമുയർന്നു. ഇരുവരും ടീമിന് ബാധ്യതയാണെന്നും പുതിയ താരങ്ങളുടെ അവസരം മുടക്കുന്നുവെന്നും വിമർശിച്ച് മുൻ താരങ്ങളടക്കം രംഗത്തുവന്നു.
36കാരനായ കോഹ്‌ലി ഇന്ത്യക്കായി 123 ടെസ്റ്റുകളിൽ പാഡണിഞ്ഞപ്പോൾ 68ഉം ക്യാപ്റ്റനായാണ്. അതിൽ വിജയം വരിച്ചത് 40 തവണ. ലോക ക്രിക്കറ്റിൽ ഗ്രെയിം സ്മിത്ത് (109ൽ 53), റിക്കി പോണ്ടിങ് 77ൽ 48, സ്റ്റീവ് വോ 57ൽ 41 എന്നിവർക്കുശേഷം ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളുള്ള നായകൻ കൂടിയാണ് കോഹ്‍ലി. ധോണി 60 കളികളിൽ നയിച്ചപ്പോൾ 27ൽ മാത്രമായിരുന്നു ജയം. ടെസ്റ്റ് കരിയറിൽ 46.85 ശരാശരിയിൽ 9230 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം.

