'ഇന്ത്യ എന്റെ രണ്ടാംവീട്'; ഓക്സിജൻ സിലിണ്ടറുകൾക്കായി 40 ലക്ഷം രൂപ നൽകി ബ്രെറ്റ് ലീ
text_fieldsസിഡ്നി: കോവിഡ് രണ്ടാം തരംഗത്തിൽ രൂക്ഷമായ പ്രതിസന്ധിയനുഭവിക്കുന്ന ഇന്ത്യക്ക് സഹായ ഹസ്തവുമായി ആസ്ട്രേലിയൻ ക്രിക്കറ്റർ ബ്രറ്റ് ലീ. ഒരു ബിറ്റ്കോയിൻ (ഇന്ത്യൻ രൂപയിൽ ഏകദേശം 40 ലക്ഷം) രൂപയാണ് ലീ സംഭാവന നൽകിയത്. ഇന്ത്യയിലെ ആശുപ്രത്രികൾക്ക് ഓക്സിജൻ സ്വന്തമാക്കാനാണ് സംഭാവനയെന്ന് ബ്രറ്റ് ലീ അറിയിച്ചു.
ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസ് 37 ലക്ഷം രൂപ സഹായം നൽകിയതിന്റെ ചുവടുപിടിച്ചാണ് ലീയും രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ തനിക്ക് രണ്ടാം വീടുപോലെയാണെന്നും കളിക്കുന്ന സമയത്തും വിരമിച്ച ശേഷവും ഇന്ത്യയിൽ നിന്ന് നിറയെ സ്നേഹം കിട്ടിയിട്ടുണ്ടെന്നും ലീ പ്രതികരിച്ചു.
എല്ലാവരും ഒന്നിച്ചുനിൽക്കേണ്ട സമയമാണെന്നും മറ്റുള്ളവർക്കായി കഴിയുന്നത് െചയ്യണമെന്നും ലീ പറഞ്ഞു. കോവിഡ് പോരാട്ടത്തിൽ മുൻനിരയിലുള്ള പോരാളികൾക്ക് നന്ദിയർപ്പിക്കുന്നതായും ലീ അറിയിച്ചു.

