കെ.സി.എയും സർക്കാരും ബഹിഷ്കരിച്ചു; ലോകകപ്പ് ക്രിക്കറ്റ് ട്രോഫി കേരളത്തിൽ
text_fieldsകണ്ണിലൊരു ലോകം.... ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യ വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ട്രോഫി പര്യടനത്തിൽ തിരുവനന്തപുരം മുക്കോലക്കൽ സെന്റ് തോമസ് സെൻട്രൽ സ്കൂളിൽ പ്രദർശിപ്പിച്ചപ്പോൾ ഫോട്ടോ- മുസ്തഫ അബൂബക്കർ
തിരുവനന്തപുരം: ഇന്ത്യ വേദിയാകുന്ന ഐ.സി.സി ഏകദിന ലോകകപ്പിന്റെ ട്രോഫി കേരളത്തിലെത്തി. തിരുവനന്തപുരം മുക്കോലക്കൽ സെന്റ് തോമസ് സെൻട്രൽ സ്കൂളിൽ ട്രോഫിക്ക് ആവേശോജ്ജ്വല സ്വീകരണമാണ് വിദ്യാർഥികൾ ഒരുക്കിയത്. എണ്ണായിരത്തോളം വിദ്യാർഥികളും നൂറിൽപരം പൂർവവിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും ട്രോഫി നേരിൽകണ്ടു. അതേസമയം ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിൽനിന്ന് അറിയിപ്പ് ലഭിക്കാത്തതിനെതുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷനും സംഘാടകരിൽനിന്ന് ക്ഷണമില്ലാത്തതിനാൽ സ്ഥലം എം.എൽ.എ അടക്കം ജനപ്രതിനിധികളും സർക്കാർ പ്രതിനിധികളും ചടങ്ങ് ബഹിഷ്കരിച്ചു.
തിങ്കളാഴ്ച രാവിലെ 10.10ഓടെയാണ് ഹൈദരാബാദിൽനിന്ന് ട്രോഫി തിരുവനന്തപുരത്ത് എത്തിച്ചത്. ആർപ്പുവിളിയോടെയാണ് ട്രോഫി കുട്ടികൾ സ്കൂളിന്റെ നടുമുറ്റത്തേക്ക് സ്വീകരിച്ചത്. ലോകകപ്പ് തീം സോങ്ങിനൊപ്പം ഇന്ത്യയടക്കം ക്രിക്കറ്റ് ടീമുകളുടെ ജഴ്സി അണിഞ്ഞ് വിദ്യാർഥികൾ നൃത്തം ചെയ്തപ്പോൾ ആവേശം ഉച്ചസ്ഥായിയിലായി. വൈകീട്ട് 4.30ഓടെ ട്രോഫി കൊച്ചിയിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച കൊച്ചി തേവരയിലെ സേക്രട്ട് ഹാർട്ട് കോളജിൽ ട്രോഫി പ്രദർശിപ്പിക്കും.
അതിനുശേഷം ലുധിയാനയിലേക്ക് കൊണ്ടുപോകും. രാജ്യത്തെ 24 നഗരങ്ങളിലെ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ട്രോഫി ടൂർ സംഘടിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

