എന്തൊരു ‘െബ്ലസിങ്!’, കൊളംബോയിൽ കംഗാരുക്കൾ വീണു, ലോകകപ്പിൽ ഓസീസിനെ മലർത്തിയടിച്ച് സിംബാബ്വെ; ജയം 23 റൺസിന്
text_fieldsകൊളംബോ: വീറുറ്റ പോരാട്ടങ്ങൾക്ക് അരങ്ങൊരുക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ വമ്പൻ അട്ടിമറി. കരുത്തരായ ആസ്ട്രേലിയയെ 23 റൺസിന് കൊമ്പുകുത്തിച്ച സിംബാബ്വെയാണ് ഗ്രൂപ് ‘ബി’യിൽ അപ്രതീക്ഷിത ജയം സ്വന്തമാക്കിയത്. രണ്ടു കളിയും ജയിച്ച ശ്രീലങ്കക്കും സിംബാബ്വെക്കും പിന്നിൽ ഒരു ജയവുമായി ആസ്ട്രേലിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 169 റൺസാണെടുത്തത്. കടലാസിൽ കരുത്തുറ്റ കംഗാരുപ്പടക്ക് എത്തിപ്പിടിക്കാവുന്ന ടോട്ടൽ. എന്നാൽ, കണിശതയോടെ പന്തെറിഞ്ഞ സിംബാബ്വെ ടീം എതിരാളികളെ 19.3 ഓവറിൽ 146 റൺസിന് ഓൾഔട്ടാക്കിയാണ് അദ്ഭുതം കാട്ടിയത്. 44 പന്തിൽ 65 റൺസെടുത്ത മാറ്റ് റെൻഷോയും 32 പന്തിൽ 31 റൺസ് നേടിയ െഗ്ലൻ മാക്സ്വെലും മാത്രമാണ് ആസ്ട്രേലിയൻ ബാറ്റിങ്ങിൽ തിളങ്ങിയത്.
ഇവരെക്കൂടാതെ 17 റൺസെടുത്ത ക്യാപ്റ്റൻ ട്രേവിസ് ഹെഡ് മാത്രമാണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്സ്മാൻ. ജോഷ് ഇംഗ്ലിസ് (എട്ട്), കാമറോൺ ഗ്രീൻ (പൂജ്യം), ടിം ഡേവിഡ് (പൂജ്യം), മാർകസ് സ്റ്റോയിനിസ് (ആറ്) എന്നിവർ വന്നപോലെ മടങ്ങി. നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത െബ്ലസിങ് മുസറബാനിയാണ് ഓസീസ് നിരയിൽ വൻനാശം വിതച്ചത്. 23 റൺസിന് മൂന്നു വിക്കറ്റെടുത്ത ബ്രാഡ് ഇവാൻസ് മികച്ച പിന്തുണ നൽകി.
നേരത്തേ, കരുതലോടെ ക്രീസിൽ നിലയുറപ്പിച്ച സിംബാബ്വെക്ക് വേണ്ടി ബ്രയൻ ബെന്നെറ്റ് 56 പന്തിൽ പുറത്താകാതെ 64 റൺസെടുത്തു. ടഡിവനാഷെ മറുമാനി (21 പന്തിൽ 35), റ്യാൻ ബുരി (30 പന്തിൽ 35) എന്നിവരുടെ വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. അവസാന ഘട്ടത്തിൽ കൂറ്റനടികളുമായി ക്യാപ്റ്റൻ സികന്തർ റാസ (13 പന്തിൽ 25 നോട്ടൗട്ട്) ബെന്നെറ്റിനൊത്ത കൂട്ടാളിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

