ബി.ജെ.പി പ്രവർത്തകനായ ജദേജയാണ് ചെന്നൈയെ ഐ.പി.എൽ കിരീടം നേടാൻ സഹായിച്ചത് -അണ്ണാമലൈ
text_fieldsചെന്നൈ: ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ഐ.പി.എല്ലിൽ അഞ്ചാം കിരീടം നേടിയതിന് പിന്നാലെ സി.എസ്.കെയെ നേട്ടത്തിന് സഹായിച്ചത് ബി.ജെ.പി പ്രവർത്തകൻ രവീന്ദ്ര ജദേജയാണെന്ന് പ്രസ്താവനയുമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. ന്യൂസ് 18 തമിഴിന് നൽകിയ അഭിമുഖത്തിലാണ് അണ്ണാമലൈയുടെ പ്രസ്താവന.
ഗുജറാത്തിൽ നിന്നുള്ള ബി.ജെ.പി പ്രവർത്തകനാണ് രവീന്ദ്ര ജദേജ. അദ്ദേഹത്തിന്റെ ഭാര്യ ബി.ജെ.പി എം.എൽ.എയാണ്. ഞാൻ തമിഴനായതിൽ അഭിമാനിക്കുന്നു. സി.എസ്.കെയിൽ ഉള്ളതിനേക്കാൾ തമിഴ് താരങ്ങളുള്ളത് ഗുജറാത്ത് ടൈറ്റൻസിലാണെന്നും അദ്ദേഹം പറഞ്ഞു. ഐ.പി.എല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയം ദ്രവിഡിയൻ മോഡലാണോ ഗുജറാത്ത് മോഡലാണോയെന്ന ചോദ്യത്തിനായിരുന്നു ബി.ജെ.പി അധ്യക്ഷന്റെ പ്രതികരണം.
ഗുജറാത്തിനായി 96 റൺസ് നേടിയതും ഒരു തമിഴ് താരമാണ്. നമ്മൾ അതും ആഘോഷിക്കും. സി.എസ്.കെയുടെ വിജയം ആഘോഷിക്കുന്നത് ധോണിയുള്ളതിനാലാണ്. ബി.ജെ.പി പ്രവർത്തകനാണ് ചെന്നൈക്കായി വിജയ റൺ നേടിയത് എന്നത് അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും അണ്ണാമലൈ പറഞ്ഞു.