'പന്തെവിടെ, പന്തെവിടെ'; പാകിസ്താൻ-ന്യൂസിലാൻഡ് മത്സരത്തിനിടെ കറന്‍റ് പോയി, കൂറ്റാക്കൂരിരുട്ട് -VIDEO
text_fieldsന്യൂസിലാൻഡിലെ മൗണ്ട് മാംഗനൂയിയിൽ നടന്ന ന്യൂസിലാൻഡ്-പാകിസ്താൻ മൂന്നാം ഏകദിന മത്സരത്തിനിടെ സ്റ്റേഡിയം കൂരിരുട്ടിലായി. ഡേ ആൻഡ് നൈറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തിലെ മുഴുവൻ വെളിച്ചവും അണയുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 264 റൺസെടുത്തിരുന്നു. പാകിസ്താന്‍റെ മറുപടി ബാറ്റിങ്ങിനിടെ 39ാം ഓവറിലായിരുന്നു അപ്രതീക്ഷിത പവർ കട്ട്. ന്യൂസിലാൻഡ് പേസർ ജേക്കബ് ഡഫിയാണ് പന്തെറിയുന്നത്. പാക് ബാറ്റർ ത്വയിബ് താഹിറായിരുന്നു ക്രീസിലുള്ളത്. റണ്ണിങ് പൂർത്തിയാക്കിയ ഡഫി പന്തെറിയുന്നതിന് തൊട്ടുമുമ്പ് എല്ലാ ലൈറ്റുകളും അണഞ്ഞ് സ്റ്റേഡിയം ഇരുട്ടിൽ മുങ്ങി. കളിക്കാർക്ക് പരസ്പരം കാണാൻ പോലും സാധിച്ചില്ല.
പന്ത് എറിയുന്നതിന് തൊട്ടുമുമ്പായതിനാൽ ബാറ്റർക്ക് അപകടമൊന്നും പറ്റിയില്ല. കറന്‍റ് പോയതോടെ ഏതാനും സമയം മത്സരം മുടങ്ങി. ബാറ്റിങ് തുടർന്ന പാകിസ്താൻ 221 റൺസിന് പുറത്തായി. ന്യൂസിലാൻഡിന് 43 റൺസിന്‍റെ ജയം. മൂന്ന് മത്സരങ്ങളും ജയിച്ച് ന്യൂസിലാൻഡ് പരമ്പര സ്വന്തമാക്കി.
ഫ്ലഡ് ലൈറ്റ് അണഞ്ഞ് കളി മുടങ്ങുന്ന കാഴ്ച മുമ്പ് കണ്ടിട്ടുണ്ടെന്നും എന്നാൽ ഒരു സ്റ്റേഡിയം മുഴുവൻ ഇരുട്ടിലാകുന്നത് ആദ്യമാണെന്നുമാണ് ഒരു ആരാധകന്‍റെ കമന്‍റ്. കൂരാക്കൂരിരുട്ടിൽ പന്ത് നേരിട്ട ആദ്യ ബാറ്ററായിരിക്കും ത്വയിബ് താഹിറെന്നും കമന്‍റുകളിൽ തമാശരൂപേണ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

