ഭുവി 2.0 റിട്ടേൺസ്; നാലു വർഷത്തിനുശേഷം ദേശീയ ടീമിലേക്ക് ഭുവനേശ്വറിന്റെ തിരിച്ചുവരവ്
text_fieldsന്യൂഡൽഹി: ബി.സി.സി.ഐ മുൻ സെലക്ടർ അജിത് അഗാർക്കറും ഇന്ത്യയുടെ പേസ് ബൗളർ ഭുവനേശ്വർ കുമാറും തമ്മിൽ വ്യക്തിപരമായി പ്രശ്നങ്ങളൊന്നുമില്ല. കലഹമോ, കുറ്റപ്പെടുത്തലുകളോ ഇതിനിടയിൽ ഉണ്ടായതായി വാർത്തകളും എവിടെയും കാണില്ല. എന്നാൽ, മൂന്നു വർഷക്കാലം അഗാർക്കർ സെലക്ടറായിരിക്കെ ടീമിന് പുറത്തായിരുന്ന ഭുവനേശ്വർ കുമാർ, അദ്ദേഹം പടിയിറങ്ങി ദിവസങ്ങൾക്കുള്ളിൽ ദേശീയ ടീമിൽ തിരികെയെത്തിയതിനെ ചുറ്റിപ്പറ്റിയാണ് ഇന്ന് ചർച്ചകൾ.
ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ടീം പ്രഖ്യാപനത്തിനു പിന്നാലെ ഉയരുന്ന ചോദ്യങ്ങളിലൊന്നും ഇതാണ്. 2022 നവംബർ 22ന് ന്യൂസിലൻഡിനെതിരായ ട്വന്റി20 മത്സരമാണ് ഭുവനേശ്വർ കുമാർ ഇന്ത്യൻ കുപ്പായത്തിൽ അവസാനമായി കളിച്ചത്. വിദേശത്തും സ്വദേശത്തും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ താരത്തിന്റെ പുറത്താവൽ ആരാധകരെയും ഞെട്ടിച്ചിരുന്നു. ശേഷം ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും ഫോം നിലനിർത്തിയിട്ടും ദേശീയ ടീമിലേക്കൊരു അവസരം നൽകിയില്ല. ഒടുവിൽ നാലു വർഷത്തിലേറെ നീണ്ട വനവാസത്തിനു ശേഷമാണ് ഭുവിയെ തേടി വീണ്ടും ഇന്ത്യൻ കുപ്പായമെത്തുന്നത്. ഒക്ടോബർ അവസാന വാരത്തിൽ ആരംഭിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിനുള്ള ടീമിലാണ് 36ാം വയസ്സിൽ ഭുവനേശ്വറിന് വിളിയെത്തിയത്.
ചീഫ് സെലക്ടറായതിനു പിന്നാലെ വെറ്ററൻ താരങ്ങളോട് അഗാർക്കർക്കുള്ള തൊട്ടുകൂടായ്മ പുതിയ വാർത്തയൊന്നുമല്ല. പ്രകടനമികവിൽ കത്തിജ്വലിക്കുമ്പോഴും പ്രായം 33-35 കടന്നതിന്റെ പേരിൽ മാത്രം ദേശീയ ടീമിന്റെ വാതിലുകൾ കൊട്ടിയടക്കപ്പെട്ട സൂപ്പർ താരങ്ങൾ ഒരുപിടിയാണ്. ആരാധക പിന്തുണയുള്ള വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും തൊടാൻ അഗാർക്കർ ഭയപ്പെട്ടു. എന്നാൽ, ഭുവനേശ്വറും മുഹമ്മദ് ഷമിയുമെല്ലാം സെലക്ടറുടെ കടുംവെട്ടിന്റെ ചൂടറിഞ്ഞവരാണ്. മൂന്നുവർഷ ഭരണത്തിനുശേഷം മുൻ പേസർ സെലക്ടർ കസേരയിൽ നിന്നും പടിയിറങ്ങിയത് സെപ്റ്റംബറിലാണ്. തൊട്ടുപിന്നാലെ, ഭുവന്വേശർ ഇന്ത്യൻ ടീമിൽ ഇടം പിടിച്ച വാർത്തയെത്തുമ്പോൾ ആരാധകരും ക്രിക്കറ്റ് വിദഗ്ധരും പലതും കൂട്ടി വായിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം തുടരുന്ന മറ്റൊരു താരം മുഹമ്മദ് ഷമിയുടെ തിരിച്ചുവരവും പുതിയ സാഹചര്യത്തിൽ സ്വപ്നം കാണുന്നു.
ഭുവി പഴയ ഭുവി തന്നെ
ബാറ്ററെ വട്ടംകറക്കുംവിധം ഇരുവശത്തേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള മിടുക്ക്. ന്യൂബാളിൽ വിക്കറ്റ് വീഴ്ത്താനുള്ള ശേഷി, കൃത്യതയാർന്ന ലൈനും ലെങ്ത്തും, ഡെത്ത് ഓവറിലും വിക്കറ്റ് വീഴ്ത്തിക്കൊണ്ട് തൊടുത്തുവിടുന്ന യോർക്കറുകൾ... ഏത് ഫോർമാറ്റിലും ഉപയോഗിക്കാവുന്ന വജ്രായുധമെന്നാണ് ഭുവനേശ്വറെ ആരാധകർ വിശേഷിപ്പിക്കുന്നത്. 2022നുശേഷം ദേശീയ ടീമിലേക്ക് യുവതാരങ്ങളുടെ കുത്തൊഴുക്കുണ്ടായപ്പോൾ ഭുവി ആഭ്യന്തര ക്രിക്കറ്റിലൊതുങ്ങി. എന്നാൽ, ഐ.പി.എൽ ഉൾപ്പെടെ വേദികളിൽ തന്റെ പരിചയ സമ്പത്തും പ്രതിഭയും ഭുവനേശ്വർ പ്രകടിപ്പിച്ചപ്പോഴും ദേശീയ ടീമിലേക്കുള്ള വാതിലുകൾ തുറന്നുനൽകിയല്ല. കഴിഞ്ഞ രണ്ട് സീസണിലും ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ചതിൽ ഭുവിയുടെ സ്ഥിരതയാർന്ന പ്രകടനമുണ്ടായിരുന്നു. 2026 സീസണിൽ 16 മത്സരങ്ങളിൽ വീഴ്ത്തിയത് 28 വിക്കറ്റുകൾ. പർപ്ൾ ക്യാപ് നഷ്ടമായത് ഒരു വിക്കറ്റ് വ്യത്യാസത്തിന്. 17.89 ശരാശരി പ്രകടനം കാഴ്ചവെച്ച താരം പവർേപ്ല ഓവറുകളിൽ സ്വിങ്ങും സീം ചലനവുമായി എതിരാളികളെ വെള്ളംകുടിപ്പിക്കുന്നത് കണ്ടു. 2025ൽ ഫൈനലിലെ രണ്ട് വിക്കറ്റ് ഉൾപ്പെടെ 17 വിക്കറ്റുമായും കിരീട യാത്രയിൽ നിർണായകമായി.
ഇത്തവണ യു.പി ട്വന്റി20 ലീഗിൽ ലഖ്നോ ഫാൽക്കൺസ് ക്യാപ്റ്റനായ ഭുവനേശ്വർ 11 മത്സരങ്ങളിൽ 14 വിക്കറ്റ് വീഴ്ത്തി ഫോം തുടർന്നു. അവഗണന തുടരുമ്പോഴും കളിക്കളത്തിൽ പ്രായത്തെ തോൽപിക്കുന്ന പ്രകടനം തുടരുന്നതിന്റെ അംഗീകാരമായാണ് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനെ വിലയിരുത്തുന്നത്.
അച്ചടക്കം, കഠിനാധ്വാനം
അവസരങ്ങൾ തുടർച്ചയായി നിഷേധിക്കപ്പെടുമ്പോഴും കലഹങ്ങളില്ലാതെ തന്റെ ജോലി തുടരുകയാണ് ഭുവിയുടെ ശൈലി. ഒപ്പം, നിരന്തരമായ പരിശീലനവും ശാരീരിക ക്ഷമത നിലനിർത്തുന്നതിലും വിട്ടുവീഴ്ചയില്ല. പ്രായം ശരീരത്തെ ബാധിക്കാതിരിക്കാൻ ഭുവി നടത്തിയ കഠിനാധ്വാനം മാതൃകാപരമെന്നാണ് അദ്ദേഹത്തിന്റെ കണ്ടീഷനിങ് കോച്ച് സൂര്യ പ്രതാപ് യാദവ് അടിവരയിടുന്നത്. 35 കടന്നാലുള്ള പേശീ ദൗർബല്യം തടയാനും, തടി കുറക്കാനും താരം പ്രത്യേക പരിശീലനം നടത്തിയെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

