കടിഞ്ഞാണിട്ട് ബി.സി.സി.ഐ; ചട്ടങ്ങൾ ലംഘിച്ചാൽ ഐ.പി.എല്ലിൽ അടക്കം വിലക്ക്!
text_fieldsമുംബൈ: ടീമിൽ അച്ചടക്കവും ടീം സ്പിരിറ്റും കളിയോടുള്ള പ്രതിബദ്ധതയും വളർത്താൻ കടുത്ത നടപടികളുമായി ബി.സി.സി.ഐ. സ്വന്തം മണ്ണിലും വിദേശത്തും ഒരുപോലെ തോൽവിത്തുടർച്ചകളിൽ വീണുടയുന്ന ടീമിന് വിജയത്തിന്റെ നല്ലനാളുകൾ തിരിച്ചുനൽകാനായി 10 ഇന മാർഗനിർദേശങ്ങളാണ് ബി.സി.സി.ഐ പുറത്തിറക്കിയിരിക്കുന്നത്. കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽനിന്നും ഐ.പി.എല്ലിൽനിന്നും പുറത്താക്കുന്നതും ബി.സി.സി.ഐ കരാർ വെട്ടിക്കുറക്കുന്നതുമടക്കം കടുത്ത നടപടികളാണ് കാത്തിരിക്കുന്നത്. അടിയന്തര പ്രാധാന്യത്തോടെയാണ് നടപടി പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച കോച്ച് ഗൗതം ഗംഭീർ, ക്യാപ്റ്റൻ രോഹിത് ശർമ, സെലക്ഷൻ സമിതി അധ്യക്ഷൻ അജിത് അഗാർക്കർ, ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സെയ്കിയ എന്നിവർ പങ്കെടുത്ത യോഗമാണ് തീരുമാനമെടുത്തത്. സ്വന്തം മണ്ണിൽ ന്യൂസിലൻഡിനെതിരെയും തൊട്ടുപിറകെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ആസ്ട്രേലിയക്കെതിരെയും ഇന്ത്യ നാണംകെട്ടിരുന്നു. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽനിന്ന് ആദ്യമായി ഇന്ത്യ പുറത്താകുകയും ചെയ്തു. പ്രധാന നിർദേശങ്ങൾ ഇവയാണ്:
യാത്ര ടീമിനൊപ്പം
പരമ്പരകൾക്കിടെ താരങ്ങൾ ടീം ബസിൽ യാത്ര ചെയ്യാതെ കുടുംബത്തിനൊപ്പമോ സ്വന്തമായോ വരുന്നത് നിർത്തും. എല്ലാവരും സമന്മാരാണ് എന്നതിനു പകരം ചിലർ കൂടുതൽ സമന്മാരാണ് എന്നു വരുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. സ്വന്തമായി യാത്ര അനിവാര്യമായവർ കോച്ചിന്റെ പ്രത്യേക അനുമതി വാങ്ങണം.
പരിശീലനത്തിൽ ‘നോ കോംപ്രമൈസ്’
ടീമിനൊപ്പം പരിശീലനത്തിൽ പങ്കെടുക്കുന്നതിൽ വരുത്തുന്ന വീഴ്ചകൾ ഇനി ഗുരുതരമായി കാണും. കൃത്യമായി ഓരോ താരവും നിർദിഷ്ട സമയത്ത് പരിശീലനത്തിന് ഉണ്ടാകണം.
ആഭ്യന്തര ക്രിക്കറ്റ് നിർബന്ധം
ആഭ്യന്തര ക്രിക്കറ്റിൽ താരങ്ങൾ ഇറങ്ങൽ നിർബന്ധമാക്കിയിട്ടുണ്ട്. അല്ലാത്തപക്ഷം ദേശീയ ടീമിൽ പരിഗണിക്കില്ല. ബി.സി.സി.ഐ കരാറിൽനിന്ന് പുറത്താകും. ഈ നിർദേശം കഴിഞ്ഞവർഷം മുതൽ ബി.സി.സി.ഐ നടപ്പാക്കിയിരുന്നു. അസാധാരണ സാഹചര്യങ്ങളില്ലാതെ ഇതിൽ ഇളവുണ്ടാകില്ല.
കുടുംബത്തിലും നിയന്ത്രണം
കോവിഡ് കാലത്തോടെ താരങ്ങൾ കുടുംബത്തെ കൂടെ കൂട്ടുന്നത് വർധിച്ചത് പ്രകടനത്തെ ബാധിച്ചതായി ബി.സി.സി.ഐ പറയുന്നു. അത് പറയാൻ 45 നാൾവരെയുള്ള ദീർഘമായ പരമ്പരകളിൽ അവർക്ക് പരമാവധി കൂടെ തങ്ങാവുന്നത് രണ്ടാഴ്ചയായി ചുരുക്കും. കോച്ച്, ക്യാപ്റ്റൻ, ബി.സി.സി.ഐ ജനറൽ മാനേജർ എന്നിവരുടെ അനുമതി വാങ്ങണം. കുടുംബത്തിന്റെ ചെലവ് സ്വന്തമായെടുക്കണം.
നേരത്തേ മടക്കമില്ല
അഞ്ചുദിവസം നീളുന്ന ടെസ്റ്റ് നേരത്തേ തീരുകയും പരമ്പര പദ്ധതിയിട്ടത്ര ദിവസം ആവശ്യമില്ലാതെ പൂർത്തിയാകുകയും ചെയ്താലും ഒറ്റക്ക് മുങ്ങാൻ അനുവദിക്കില്ല.
സ്വന്തം ജീവനക്കാർ വേണ്ട
താരങ്ങൾക്ക് പൊതുവായി അനുവദിച്ച ജീവനക്കാർക്ക് പുറമെ മാനേജർമാർ, ഷെഫുമാർ, അസിസ്റ്റന്റുമാർ, സുരക്ഷ ഉദ്യോഗസ്ഥർ എന്നിങ്ങനെ ആരെയും സ്വന്തമായി കൂട്ടാൻ അനുവദിക്കില്ല. താരങ്ങൾക്ക് വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള ഷൂട്ടുകളോ പരസ്യ ചിത്രങ്ങളോ നടത്താൻ അനുവാദമില്ല. ഇതിനായി പരിശീലന സെഷനിൽനിന്ന് നേരത്തേ പോകാൻ സാധിക്കില്ല.
നടപടികൾ കടുക്കും
അച്ചടക്ക ലംഘനമുണ്ടായാൽ ഏറ്റവും കടുത്ത നടപടികളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഐ.പി.എൽ അടക്കം ബി.സി.സി.ഐ നടത്തുന്ന ടൂർണമെന്റുകളിൽ പങ്കെടുക്കാനാകില്ലെന്ന് മാത്രമല്ല, താരങ്ങൾക്കുള്ള കരാർ പ്രകാരമുള്ള ബാക്കി തുകയും മുടങ്ങും.
ചാമ്പ്യൻസ് ട്രോഫി ടീം ശനിയാഴ്ച
മുംബൈ: യു.എ.ഇയിലും പാകിസ്താനിലുമായി നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെശനിയാഴ്ച പ്രഖ്യാപിക്കും. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി യോഗം ശനിയാഴ്ച ചേരും. പേസർ ജസ്പ്രീത് ബുംറയുടെ പരിക്കും യശസ്വി ജയ്സ്വാളുടെ തിരിച്ചുവരവുമുൾപ്പെടെ വിഷയങ്ങൾ പരിഗണനക്ക് വരും. രോഹിത് ശർമ തന്നെ ക്യാപ്റ്റനായി തുടരും. വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരും ടീമിലുണ്ടാകും. പ്രധാന വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവരിൽ ആർക്ക് നറുക്കു വീഴും എന്നതും നിർണായകം. സഞ്ജു പുറത്തായാൽ ധ്രുവ് ജുറെലിനാകും അവസരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

